ചേർത്തല: പ്ലസ്ടു വിദ്യാർഥിയായിരുന്ന അനന്തുഅശോകനെ(17) അടിച്ചു കൊന്നകേസിൽ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിലുൾപെട്ട 17പ്രതികളിൽ പ്രായപൂർത്തിയായ 10 പേർക്കെതിരെയുള്ള കുറ്റപത്രമാണ് ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും നടപടിപ്രകാരമുള്ള കോപ്പികൾ ലഭിക്കുന്ന മുറക്ക് പ്രായപൂർത്തിയാകാത്ത ഏഴു പേർക്കെതിരെയുള്ള കുറ്റപത്രവും സമർപ്പിക്കും.
കഴിഞ്ഞ ഏപ്രിൽ അഞ്ചിനു രാത്രിയാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പത്താംവാർഡ് കളപുരക്കൽ നികർത്തിൽ അശോകന്റെ മകൻ അനന്തു കൊല്ലപെട്ടത്. സമീപത്തെ ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ പ്രതികൾ വിളിച്ചുവരുത്തി കൊലപെടുത്തിയെന്നാണ് കേസ്.
അനന്തുവിന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്. സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ കേസിൽ ഉൾപെട്ട 17 പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഏഴുപേർ പ്രായ പൂർത്തിയാകാത്തവരായിരുന്നു.
ജൂവനൈൽ ഹോമിൽ റിമാൻഡിലായിരുന്നു ഇവർക്ക് പിന്നീടു ജാമ്യം ലഭിച്ചിരുന്നു. 10 പേർ ഇപ്പോഴും റിമാൻഡിലാണ്. സംഭവത്തിൽ 21 ഓളം സാക്ഷികളുണ്ടെന്നാണ് വിവരം. പ്രധാന ആറു സാക്ഷികളുടെ 164-ാം വകുപ്പു പ്രകാരമുള്ള രഹസ്യമൊഴി രാമങ്കരി കോടതിയിൽ എടുത്തിരുന്നു.
പ്രതികൾ റിമാൻഡിലായിരിക്കുന്ന കാലയളവിൽ തന്നെ കുറ്റപത്രം സമർപ്പിച്ചു വിചാരണ തുടങ്ങാനാകുന്നതു നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൊലപാതകം നടന്നിട്ട് 90 ദിവസങ്ങൾക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനായത് അന്വേഷണ സംഘത്തിന്റെ നേട്ടമായാണ് വിലയിരുത്തപെടുന്നത്. ചേർത്തല സിഐ വി.പി മോഹൻലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.