അമരവിള ; രാജ്യം ഒറ്റനികുതി ഘടനയിലേക്ക് മാറിയതോടെ ചെക്പോസ്റ്റുകളെല്ലാം വിവര ശേഖരണ കേന്ദ്രളായി മാറി . തിരുവനന്തപുരം ജില്ലയുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന 15 ചെക്പോസ്റ്റുകളിലും ഇന്നലെ 12 മണി മുതൽ വാണിജ്യ നികുതി വിഭാഗത്തിന്റെ പരിശോധന നിറുത്തി. വാഹനങ്ങൾ ഇന്നു മുതൽ പരിശോധിക്കേണ്ടതില്ല എന്ന ഉത്തരവ് എല്ലാ ചെക്പോസ്റ്റുകളിലും ബുധനാഴ്ച എത്തി. എന്നാൽ എക്സൈസിന്റെ സാധാരണ പരിശോധന തുടരും .
ഇന്നലെ അർധരാത്രി 12നു ശേഷം എത്തിയ വാഹനങ്ങളുടെ പരിശോധനയെക്കുറിച്ച് ടാക്സ് ടവറിൽ നിന്ന് പ്രത്രേക നിർദേശമില്ലാത്തതിനാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ ആശങ്ക തുടരുകയാണ്. ജിഎസ്ടി നടപ്പിലായ 12നു ശേഷം ബില്ലുമായി എത്തുന്ന വാഹനങ്ങളെ ബില്ല് വാങ്ങിയ ശേഷം കടത്തി വിടാനാണ് നിർദേശമെങ്കിലും ബില്ലില്ലാതെ എത്തുന്ന വാഹനത്തെ എന്ത് ചെയ്യണമെന്ന നിർദേശം ഇന്നലെ രാത്രി 10 ആയിട്ടും എത്താത്തത് ഉദ്യോഗസ്ഥരെയും ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട് .
ഇന്നലെ 12 മണിയോടെ ജിഎസ്ടി നിലവിൽ വന്നെങ്കിലും വൈകുന്നേരം തമിഴ്നാട് അതിർത്തികളിൽ വാറ്റ് ആധാരമാക്കി ബില്ല് ചെയ്യ്തിട്ടുളള സാധനങ്ങൾക്ക് ഇ ഡിക്ളറേഷൻ ഉൾപ്പെടെ എങ്ങനെയാണ് എടുക്കേണ്ടതെന്നും നിർദേശമില്ല. ഈ ആശങ്ക നിലനിൽക്കെ നാഗർകോവിലിലെ ഗ്രാനൈറ്റ് കന്പനികൾ വൻതോതിൽ കള്ളബില്ലുകളുമായി ചെക്പോസ്റ്റുകൾ കടക്കാനുളള സാധ്യതയും ഉദ്യോഗസ്ഥർ പങ്കു വക്കുന്നു.
ജില്ലയിലെ പ്രധാന ചെക്പോസ്റ്റായ അമരവിളയിൽ ഇനിമുതൽ എക്സൈസിനായിരിക്കും പരിശോധനയുടെ പൂർണ ഉത്തരവാദിത്തം . ആറ് മാസം വരെ വാണിജ്യ നികുതി വിഭാഗം പഴയപടി തുടരുമെന്നാണ് പറയുന്നതെങ്കിലും ഒന്നോ രണ്ടോ ഉദ്യേഗസ്ഥരിൽ വാണിജ്യ നികുതി വിഭാഗം ഒതുങ്ങാനാണ് സാധ്യത