ഒരു പെണ്‍കുട്ടിയുടെ ജീവിതം വിവാഹത്തോടെ അവസാനിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആ സമയത്ത് അവള്‍ ജോലിയോ വിദ്യാഭ്യാസമോ നേടിയിട്ടുണ്ടെങ്കില്‍ നല്ലകാര്യം. അല്ലെങ്കില്‍ അതൊക്കെ വിവാഹംകൊണ്ട് തീര്‍ന്നു എന്ന് ചിന്തിക്കേണ്ട ഗതികേടാണ് ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും. ഈ സാഹചര്യത്തിലാണ് വികസനം പോലും കടന്നുചെന്നിട്ടില്ലാത്ത രാജസ്ഥാനില്‍ എട്ടാം വയസില്‍ വിവാഹിതയായ രൂപ യാദവ് എന്ന പെണ്‍കുട്ടി വിവാഹശേഷവും തുടര്‍ന്നു പഠിച്ച് വിജയക്കൊടുമുടികള്‍ താണ്ടിക്കയറുന്നത്. മൂന്നാമത്തെ ശ്രമത്തിലാണ് രൂപ നീറ്റ് പരീക്ഷയില്‍ വിജയം കണ്ടത്. കോട്ടയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു രൂപ തന്റെ എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള പരിശീലനം നേടിയത്. 603 മാര്‍ക്കാണ് നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ രൂപ കരസ്ഥമാക്കിയത്. ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തന്നെ തനിക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവള്‍. അഞ്ചു സഹോദരങ്ങള്‍ക്ക് ഇളയതാണ് രൂപ.
മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹം. രൂപയുടേയും മൂത്ത സഹോദരി രുക്മയുടെയും വിവാഹം ഒരുമിച്ചായിരുന്നു. രൂപയെ വിവാഹം കഴിക്കുമ്പോള്‍ ഭര്‍ത്താവ് ശങ്കര്‍ ലാലിന് 12 വയസ്സായിരുന്നു പ്രായം. തുടര്‍ന്ന് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനൊപ്പം ശങ്കര്‍ ലാലിന്റെ വീട്ടുകാര്‍ നിന്നു, പ്രത്യേകിച്ചും ശങ്കറിന്റെ മൂത്ത സഹോദരന്‍. ‘പത്താംക്ലാസില്‍ 84 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്. അതോടെ എന്നെ തുടര്‍ന്ന് പഠിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും അയല്‍ക്കാരും എന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മുന്നിലെത്തി. അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുകയായിരുന്നു. അവര്‍ എനിക്ക് നല്‍കിയ പിന്തുണയ്ക്ക് അത്രയധികം ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു’. രൂപ പറയുന്നു.
ജയ്പൂരിന് സമീപമുള്ള ചോംമ്‌നുവിലെ കാരേരിയിലായിരുന്നു രൂപയുടെ പ്ലസ്ടുപഠനം. നാട്ടില്‍ നിന്ന് 6 കിലോമിറ്റര്‍ ദൂരത്തിലായിരുന്നു അത്. പ്ലസ് വണിന് 81 ശതമാനവും പ്ലസ് ടുവിന് 84 ശതമാനവും മാര്‍ക്ക് നേടി രൂപ തന്റെ ആഗ്രഹത്തിലേക്കുള്ള വഴികള്‍ ഓരോന്നായി ചവിട്ടിക്കയറി. അമ്മാവന്‍ ബിമാറാം യാദവ് നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യസഹായം കിട്ടാതെ പെട്ടെന്ന് മരണപ്പെട്ടതാണ് പഠിച്ച് ഒരു ഡോക്ടറാകണം എന്ന ആഗ്രഹത്തിലേക്ക് രൂപയെ എത്തിച്ചത്. കോച്ചിംഗുകള്‍ക്കൊന്നും പോകാതെ ആദ്യ ശ്രമത്തില്‍ 23000 ആയിരുന്നു രൂപ കരസ്ഥമാക്കിയ റാങ്ക്. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട പരിശീലനത്തിനിടെ നീറ്റ് പരീക്ഷയില്‍ 603ാം റാങ്ക് നേടാന്‍ രൂപയ്ക്കായി. രൂപയ്ക്കുവേണ്ടി ഫീസിന്റെ 75 ശതമാനത്തോളം തുക കോച്ചിംഗ് സെന്റര്‍ കുറച്ചു നല്‍കി. എങ്കിലും ബാക്കി തുക സംഘടിപ്പിക്കാന്‍ കുറച്ചൊന്നുമല്ല ശങ്കറും കുടുംബവും ബുദ്ധിമുട്ടിയത്. രൂപയുടെയും ശങ്കറിന്റേയും മാതാപിതാക്കള്‍ കര്‍ഷകരാണ്. ഭാര്യയുടെ പഠനാവശ്യത്തിനുള്ള തുക കണ്ടെത്താന്‍ ഒരു ടാക്‌സിഡ്രൈവറുടെ കുപ്പായം കൂടി എടുത്തണിഞ്ഞിരിക്കുകയാണ് ശങ്കറിപ്പോള്‍. രൂപയുടെ എംബിബിഎസ് പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പായി എല്ലാ മാസവും ഒരു നിശ്ചിത തുക അവള്‍ പരിശീലനം നേടിയ കോച്ചിംഗ് സെന്ററുകാര്‍ അനുവദിച്ചിട്ടുമുണ്ട്.