കൊച്ചി: പ്രായപൂർത്തിയാകാത്ത മകന്റെ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ടു മാതാപിതാക്കൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിലടക്കം സംസ്ഥാനത്തെ പ്രധാനനഗരങ്ങളിൽ കഞ്ചാവ് എത്തിച്ചിരുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിലായി. സേലം സ്വദേശിയായ ആനന്ദ് (22) ആണു 360 ഗ്രാം കഞ്ചാവുമായി എറണാകുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണർ എം.പി ദിനേശിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിന്റെ നിർദ്ദേശപ്രകാരം ഷാഡോ സബ്ഇൻസ്പെക്ടർ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ രഹസ്യനിരീക്ഷണത്തിലായിരുന്നു ഇയാൾ. എറണാകുളം സെൻട്രൽ സബ്ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശൂർ അടക്കമുള്ള നഗരങ്ങളിൽ കഞ്ചാവ് എത്തിച്ചശേഷം കൊച്ചിയിലെത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ആനന്ദിനെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയതിനെത്തുടർന്നു നടന്ന റെയ്ഡിൽ ആറു പൊതി കഞ്ചാവും 30 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി എടവനക്കാട് സ്വദേശിയായ നവീൻകുമാർ (21), ശരത്ത് (19) എന്നിവരെയും ഷാഡോ പോലീസ് പിടികൂടി. സിവിൽ പോലീസ് ഓഫീസർമാരായ സാനു, സാനുമോൻ, വിശാൽ, ഷൈമോൻ, യുസഫ്, രാഹുൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.