യക്ഷിക്കഥ പോലെ പണ്ടുകാലം മുതലേ മനുഷ്യനെ ഭ്രമിപ്പിക്കുന്നതാണു നിധിയുടെയും നിധിവേട്ടയുടെയും കഥകളൊക്കെ. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള നിധിയുടെ കഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിധി തേടി പലരും വർഷങ്ങൾ നീണ്ട യാത്രകളും നടത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ വെന്നിമലയിലും നിധിശേഖരമുണ്ടെന്ന വാർത്ത വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. വെന്നിമലയിൽ ഉണ്ടാകാമെന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുന്ന ഈ നിധിശേഖരത്തിന്റെ വാർത്ത തന്നെയാണ് നാട്ടിൻ പുറത്തെ പ്രധാന ചർച്ചാവിഷയം. വെന്നിമലയിൽ നിധിശേഖരം ഉണ്ടെന്ന വാർത്ത പരന്നതോടെ നവമാധ്യമങ്ങളിൽ വ്യത്യസ്ത കഥകളാണ് പ്രചരിക്കുന്നത്. എന്നാൽ പഴമക്കാർ പറയുന്നതും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നതും തമ്മിൽ ചേർത്തുവച്ചാൽ വലിയൊരു പഴങ്കഥ പോലുണ്ട് ഈ നിധിയുടെ കഥ.
നിധിക്കു പിന്നിൽ
മധ്യകാലഘട്ടിൽ പ്രബലമായ നാടുവാഴി രാജവംശങ്ങൾ ഉപേക്ഷിച്ചുപോയതോ ആക്രമണങ്ങളിൽ അധികാരം നഷ്ടപ്പെട്ട് വിട്ടുപോകേണ്ടി വന്നതോആയ ആസ്ഥാനങ്ങളിലൊക്കെ രാജകീയ സ്വത്ത് ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്ന് മുൻധാരണകളുണ്ട്. പോയകാലഘട്ടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വലിയനിധിശേഖരങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. വെന്നിമലയിൽ നിധി ഉണ്ടെന്നുപറയപ്പെടുന്ന സ്ഥലത്തിന്റെ ഉടമ മീനടം പുത്തൻപുരപ്പടി മല്ലകാട്ട് പ്രിൻസ് പുന്നൻ മാർക്സും നിധി സ്വപ്നത്തിന് അടിപ്പെട്ടിരിക്കാം. ഏതായാലും നിധിശേഖരമുണ്ടോ ഇല്ലയോയെന്ന് ഉറപ്പാക്കിയാലേ സ്ഥലമുടമയ്ക്ക് സ്വസ്ഥത ഉണ്ടാകൂവെന്നതാണ് സത്യം.
15-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് തെക്കുംകൂർ നാടുവാഴികൾ വെന്നിമലയിലെ രാജധാനി ഉപേക്ഷിച്ച് ആദ്യം ചങ്ങനാശേരിയും പിന്നീട് തളിക്കോട്ടയും തലസ്ഥാനമായി തെരഞ്ഞെടുക്കുന്നത്. രാജധാനിയുണ്ടായിരുന്ന സ്ഥലത്ത് വലിയ നിധി ശേഖരം ഉണ്ടായിരിക്കാം എന്നാണ് വിശ്വാസം. ഈ വിശ്വാസം പുതുതലമുറയ്ക്ക് പഴയതലമുറ വാമൊഴിയായി കൈമാറുകയായിരുന്നു.
വെന്നിമലയുടെ ചരിത്രം
ചരിത്രത്തെക്കാൾ കൂടുതൽ ഐതിഹ്യം നിറഞ്ഞ സ്ഥലമാണ് വെന്നിമല. വനവാസകാലത്ത് രാമലക്ഷ്മണന്മാർ ഇവിടെയെത്തിയെന്നും താപസന്മാരുടെ തപസു മുടക്കിയ രാക്ഷസനെ വധിച്ചുവെന്നും ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിക്കുന്നു. രാക്ഷസനുമായി ഏറ്റുമുട്ടി ലക്ഷ്മണൻ വിജയിച്ചതിനാൽ വെന്നിമല അഥവാ വിജയാദ്രിയെന്ന് ഈ കൊടുമുടിക്കു പേരുവന്നു.
മൂടൽമഞ്ഞ് ഒരിക്കലുമുണ്ടാകാത്ത എല്ലാ കാലത്തും സമശീതോഷ്ണമുള്ള പ്രകൃതിരമണീയമായ സ്ഥലമാണ് വെന്നിമല. ഒന്പതാം നൂറ്റാണ്ടിൽ കേരളം വാണ ചേരമാൻ പെരുമാൾ (ഭാസ്കര രവിവർമ്മ രണ്ടാമൻ) ഇവിടെയെത്തി രാമലക്ഷ്മണൻമാരുടെ സാന്നിധ്യം നിലനിർത്തുന്ന വൈഷ്ണവക്ഷേത്രം സ്ഥാപിച്ചതോടെയാണു വെന്നിമല ചരിത്രത്തിലേക്ക് പ്രവേശിക്കുന്നത്. വെന്നിമല ക്ഷേത്രത്തിനു സമീപമായിരുന്നു തെക്കുംകൂറിന്റെ ഇടത്തിൽ കോവിലകം. എഡി 1152-ൽ മണികണ്ഠപുരം നഗരപദമായി വികസിപ്പിച്ചു. പിന്നീട് ഇവിടെ മണികണ്ഠരാജാവ് മണികണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം പണികഴിപ്പിച്ചു.
അക്കാലം മുതൽ വെന്നിമലയിലെ രാജധാനി വിട്ടു പോരുന്നതുവരെ തെക്കുംകൂറിന്റെ തലസ്ഥാന നഗരം വാകത്താനത്തിനു കിഴക്കുള്ള മണികണ്ഠപുരമായിരുന്നു. പഴയ ബ്രാഹ്മണ ഗ്രാമമായ കാടമുറിയോടു ചേർന്നു വികാസം പൂണ്ട അഞ്ചു ചേരികളും മണികണ്ഠപുരവുമായിരുന്നു ജനവാസമേഖലകൾ. ഉള്ളാടർ അഥവാ വേടർ വിഭാഗത്തിൽപ്പെട്ടവരാണ് ആദിമനിവാസികൾ. ആയുധധാരികളായ ഉള്ളാടന്മാരെ മറികടന്ന് വെന്നിമലയിൽ കടന്നുകയറാൻ അന്യർക്ക് സാധ്യമായിരുന്നില്ല.
വെന്നിമല കോട്ടയും ഗുഹകളും
നൂറ്റാണ്ടുകൾക്ക് മുന്പ് കടുത്തുരുത്തിയിൽ നിന്ന് ആരംഭിച്ച് മണികണ്ഠപുരത്ത് അവസാനിക്കുന്ന തെക്കുവടക്കായുള്ള ഒരു നാട്ടുപാതയുണ്ടായിരുന്നു. കടുത്തുരുത്തി, കാഞ്ഞിരത്താനം, വെന്പള്ളി, കടപ്പൂർ, കിടങ്ങൂർ, അമയന്നൂർ, മണർകാട്, വെള്ളൂർ(പാന്പാടി) എന്നീ പ്രദേശങ്ങളിലൂടെ വെന്നിമലയിൽ എത്തിച്ചേരുന്നതായിരുന്നു നാട്ടുപാത. ഉണ്ണുനീലിസന്ദേശത്തിൽ വെന്നിമലയെ പറ്റി പരാമർശമുണ്ട്.
അതാകട്ടെ 14-ാം നൂറ്റാണ്ടിലെ രാമവർമ്മ എന്ന തെക്കുംകൂറിലെ രാജാവിനെ കുറിച്ച് പറയുന്ന ’വെൻറിക്കുന്നിനൊരു തിലകമാം രാമവർമാഭിധാനം’ എന്ന പദ്യഭാഗത്താണ്. വെന്നിമലയ്ക്കു തിലകമായി വാഴുന്ന രാമവർമ്മയെ കാണുന്നതിന് വെന്നിമലയിലേക്കു പോകേണ്ടിവരില്ല, തലസ്ഥാനനഗരിയായ മണികണ്ഠപുരത്താണു മിക്കപ്പോഴും വാസം എന്നാണ് ഇതിൽനിന്നു മനസിലാക്കാം. ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന ”രാജ്യാന്തരപാത’ധയാകട്ടെ മണികണ്ഠപുരത്തുനിന്നു കാടമുറി കടന്ന് തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലെത്തി മുറിയുന്നു. പിന്നെ കൊടൂരാറ്റിലൂടെ വഞ്ചിയാത്രയാണ്. അത് മാങ്ങാനം പാലൂർക്കടവിലടുക്കും.
പിന്നെ വീണ്ടും പാതയാരംഭിക്കുന്നു. തിരുവഞ്ചൂരും കണ്ടൻചിറയും ഏറ്റുമാനൂരും വേദഗിരിയും കോതനല്ലൂരും കടന്ന് കടുത്തുരുത്തി വരെയാണു പാത. വെന്നിമലയിൽനിന്നും മണികണ്ഠപുരത്തേക്കും ഞാലിയാകുഴിയിലേക്കും ഭൂഗർഭ തുരങ്കപ്പാതകൾ ഉണ്ടെന്നതും വാമൊഴിയായി നിലനിൽക്കുന്ന വിവരമാണ്. വായു നിർഗമന ദ്വാരങ്ങൾ പലയിടത്തും പ്രദേശവാസികൾ കണ്ടിട്ടുണ്ട്. ഞാലിയാകുഴിയിൽ പിഡബ്ല്യുഡി റോഡിനടിയിലൂടെ കടന്നുപോകുന്ന ഒരു തുരങ്കപ്പാത ഇത്തരത്തിലുള്ളതാണോ എന്നും സംശയിക്കുന്നു. രാജവാഴ്ചക്കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യാനാവാം ഒരുപക്ഷേ ഈ തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ടാകുക.
വെന്നിമലയെ പഠനവിഷയമാക്കണം
പ്രാചീന മനുഷ്യവാസത്തിന്റെ അവശേഷിപ്പുകളിലൊന്നായി ഉള്ളാട ജനസമൂഹത്തിന്റെ മാതൃദേശമായ വെന്നിമലയിലെ ഗുഹയെ പുരാവസ്തു വിദഗ്ധർക്ക് പഠനവിധേയമാക്കാം. ഇന്ത്യയാകെ കീർത്തികേട്ട മഹാഗായകൻ ഷഡ്കാല ഗോവിന്ദ മാരാർ ജനിച്ചത് വെന്നിമലയിലെ പുളിക്കൽ മാരാത്ത് എന്ന മാതൃഗൃഹത്തിലാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ സ്വദേശമായ പിറവം രാമമംഗലമാണ് ജന്മദേശമായി ഇപ്പോൾ കൊണ്ടാടപ്പെടുന്നതെങ്കിലും വെന്നിമല ഉപേക്ഷിച്ച തെക്കുംകൂർ രാജവംശം കോട്ടയത്തെ തളിക്കോട്ട ആസ്ഥാനമാക്കി പിന്നീടുള്ള മൂന്നര നൂറ്റാണ്ടു ഭരണം നടത്തി. എഡി 1749 ൽ തിരുവിതാംകൂറിന്റെ ആക്രമണത്തിൽ അധികാരഭ്രഷ്ടനാകും വരെയും. വെന്നിമലയിൽനിന്നു പോന്ന് ആറു നൂറ്റാണ്ടോളം ഒരു നിധിശേഖരം രാജാക്കന്മാർ അവിടെത്തന്നെ സൂക്ഷിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. അതിനാൽ തന്നെ ഇവിടെ പഠന വിഷയമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രാഥമിക പരിശോധന
നിധി ശേഖരമുണ്ടെന്നു പ്രചരിക്കുന്ന തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വെന്നിമലയിൽ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന നടത്തി. പുരാവസ്തു വകുപ്പ് സൂപ്രണ്ട് ആർക്കിയോളജിസ്റ്റ് കെ.ആർ. സോനയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. മൂന്നര ഏക്കർ പുരയിടത്തിലുടനീളം പരിശോധന നടത്തിയ അധികൃതർ വെള്ളച്ചാലുകൾ നിറഞ്ഞ സ്ഥലത്തും പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലങ്ങളിലും സന്ദർശിച്ചു. പുരാവസ്തു വകുപ്പിനു പുറമെ ജിയോളജി വകുപ്പു കൂടി സഹകരിച്ചാലേ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കു. അതേസമയം പ്രാഥമിക പരിശോധനയിൽ നിധിശേഖരമുണ്ടെന്ന വാദത്തിന് അനുകൂലമായ ഘടകങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നല്കുന്നമെന്നും പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
നിധി കഥയ്ക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയോ?
വെന്നിമലയിൽ നിധി നിക്ഷേപമുണ്ടെന്ന പ്രചാരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന നിഗമനത്തിലാണ് ചിലർ. ഇതു സാധൂകരിക്കുന്ന പല കാര്യങ്ങളും ഇവർ ഉയർത്തിക്കാട്ടുന്നു. രണ്ടു വർഷം മുന്പ് നിധിയുണ്ടെന്ന് പറയപ്പെടുന്ന മീനടം പുത്തൻപുരപ്പടി മല്ലകാട്ട് പ്രിൻസ് പുന്നൻ മാർക്സിന്റെയും മാതാവ് ഏലിയാമ്മ മാർക്കോസിന്റെയും മൂന്നേക്കർ സ്ഥലം വിൽപ്പനയ്ക്കായി ശ്രമിച്ചിരുന്നു. ഇതിനായി സ്ഥലം ഉടമകൾ പ്രമുഖ പത്രങ്ങളിൽ പരസ്യങ്ങളും നൽകി. നിധിയുണ്ടെന്ന് പറയുന്ന മൂന്നേക്കർ സ്ഥലത്ത് പാറമടഖനനം നടത്താനാണ് ആദ്യം തീരുമാനിച്ചത്. ഈ സ്ഥലത്തിന്റെ സമീപത്തു തന്നെ പാറമട സ്ഥിതിചെയ്യുന്നുമുണ്ട്. എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പാറമടഖനനം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ഈ സ്ഥലം സ്വന്തമാക്കാൻ എത്തിയത് റിയൽ എസ്റ്റേറ്റ് മാഫിയകൾ ആയിരുന്നു. സ്ഥലത്ത് വില്ലകൾ പണിത് മറിച്ചു വിൽക്കാനാണ് ഇവരുടെ നീക്കം. പാറമടഖനനത്തിനും വില്ലകൾ പണിയുന്നതിനും പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണം. മീനടം പഞ്ചായത്തിൽ മണ്ണ് ഖനനത്തിനു വിലക്കുള്ളതിനാൽ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാൻ സാധിക്കാതെവന്നതോടെ സർക്കാരിന്റെ ചെലവിൽ ഈ മണ്ണ് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നിധി കഥ ഒരു ഭൂതത്തെപ്പോലെ കുപ്പിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.