മാവേലിക്കര: വാഹനപരിശോധനയും മറ്റും തകൃതിയായി നടക്കുന്പോഴും ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തി ഡ്രൈവർമാർ. മദ്യലഹരിയിൽ വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് അടുത്തിടെ ഉണ്ടായിരിക്കുന്നതെന്നു മോട്ടോർ വാഹന അധികൃതർ പറയുന്നു.
കഴിഞ്ഞദിവസം ആലപ്പുഴ ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരം മാവേലിക്കര സർക്കിളിൽ നടന്ന സ്കൂൾ വാഹന പരിശോധനയിൽ മദ്യപിച്ചു സ്കൂൾ കുട്ടികളുമായിപോയ അഞ്ചു ഡ്രൈവർമാരെ പിടികൂടിയിരുന്നു. സ്കൂൾ വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും മറ്റു സ്വകാര്യവാഹനങ്ങളിലെ ഡ്രൈവർമാരും ഡ്രൈവിംഗിനിടയിൽ മൊബൈൽഫോണ്‍ ഉപയോഗിക്കുന്നതും പതിവുകാഴ്ചയാണ്. സ്കൂൾ തുറന്നു ഒരു മാസം പിന്നിട്ടിട്ടും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ പരിശോധന നടന്നിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ഒരു തവണ മാത്രമാണ് നടന്നത്. ഇതു ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങിയതായും ആക്ഷേപമുണ്ട്. ജില്ലയിൽ ചില സ്വകാര്യ കോണ്‍ട്രാക്ട് സ്കൂൾ ബസുകൾക്കും ചില സ്വകാര്യ സ്കൂളുകളുടെ ബസുകൾക്കും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് വേണ്ട പരിശോധനകളോ, ഇൻഷ്വറൻസ് ഉൾപ്പടെയുള്ള രേഖകളോ ഇല്ലാതെ ഇന്നും നിരത്തിൽ സർവീസ് നടത്തുന്നതായി ആരോപണമുണ്ട്. സ്കൂൾ ബസ് ഡ്രൈവർമാരുടെ പ്രായവും മറ്റും നിഷ്കർഷിക്കുന്നുണ്ടെങ്കിലും പല വാഹനങ്ങളിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
സ്കൂളിന്റെ ഒൗദ്യോഗിക വാഹനങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷ ഉൾപ്പടെയുള്ള സ്വകാര്യ, കോണ്‍ട്രാക്ട് വാഹനങ്ങളിൽ ഇത്തരത്തിലുള്ള പരിശോധനകൾ നന്നേ കുറവാണ്. പരിശോധനകളും ബോധവത്കരണങ്ങളുമൊക്കെ നടത്തിയിട്ടും ഇപ്പോഴും സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ചുകൊണ്ടുള്ള വാഹനങ്ങളുടെ യാത്രക്കു കുറവില്ലെന്നു പോലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും തന്നെ പറയുന്നു.
കഴിഞ്ഞദിവസം മദ്യപിച്ചു വാഹനമോടിച്ച ഡ്രൈവർമാരുടെ ലൈസൻസ് പോലീസിൽനിന്നും ലഭിച്ചാലുടൻതന്നെ അവർ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങൾക്കനുസരിച്ചു ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദാക്കുകയോ ചെയ്യുമെന്ന് ആലപ്പുഴ ആർടിഒ, മാവേലിക്കര ജോയിന്റ് ആർടിഒ എന്നിവർ അറിയിച്ചു.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ചെക്കിംഗുകൾ കർശനമാക്കുകയും സ്കൂൾ വാഹനങ്ങൾ, കുട്ടികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് കോണ്‍ട്രാക്ട് വാഹനങ്ങൾ എന്നിവയുടെ ഡോക്ക്യുമന്റ്സ് പരിശോധനയും കർശനമാക്കും. ഡ്രൈവർമാരുടെ മൊബൈൽഫോണ്‍ ഉപയോഗവും നിരീക്ഷിക്കും.
സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷൾ സഹിതം എല്ലാത്തരം വാഹനങ്ങളും കൃത്യമായി കുട്ടികളെ കൊണ്ടുപോകുന്പോൾ ഓണ്‍ സ്കൂൾ ഡ്യൂട്ടിയെന്ന് വാഹനങ്ങളുടെ മുന്‍പിലും പിന്നിലും നീല പ്രതലത്തിൽ വെള്ള അക്ഷരത്തിൽ എഴുതി വയ്ക്കണമെന്നു ആലപ്പുഴ ആർടിഒ എബി ജോണ്‍ ദീപികയോടു പറഞ്ഞു.
അഞ്ചുതരം ഗതാഗത കുറ്റകൃത്യങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യും
മാവേലിക്കര: ഇനിമുതൽ അഞ്ചു തരത്തിലുള്ള ഗതാഗത കുറ്റകൃത്യങ്ങൾക്ക് ലൈസൻസ് സസ്പെൻഷൻ ഉറപ്പ്. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കൽ, മൊബൈൽഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കൽ, റെഡ് ലൈറ്റ് അനുസരിക്കാതിരിക്കൽ, ചരക്കു പാസഞ്ചർ വാഹനങ്ങളിലെ അമിതഭാരം കയറ്റൽ എന്നിവയ്ക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.
ഇന്ത്യയിൽ റോഡപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും വർധിച്ചതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയുടെ റോഡ് സേഫ്റ്റി കമ്മറ്റിയുടേതാണ് ഉത്തരവ്. ഇന്നലെ ഡൽഹിയിൽ ചേർന്ന സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കമ്മീഷണർമാരുടെ യോഗത്തിലാണ് പുതിയ തീരുമാനമെന്ന് ആലപ്പുഴ ആർടിഒ എബിജോണ്‍ പറഞ്ഞു.