ഇരിട്ടി: കീഴ്പള്ളിക്കടുത്ത് കോഴിയോട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകള്‍ രണ്ടുവയസുകാരി ദിയ ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ് നേരിട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് സുധീന്ദ്രകുമാറിന്റെ ഉത്തരവ്. ലോക്കല്‍ പോലീസ് അന്വേഷിച്ച് തുമ്പ് കിട്ടാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് കണ്ണൂര്‍ ഡിവൈഎസ്പി പ്രേമരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതീക്ഷ നല്കുന്ന വിവരങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ തങ്ങളുടെ മകളുടെ രൂപസാദൃശ്യമുള്ള കുട്ടിയെ അങ്കമാലി കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിലെ ഒരു കടയ്ക്കുമുന്നില്‍ മൂന്ന് കുട്ടികളോടൊപ്പം ഒരു സ്ത്രീയും പുരുഷനും നില്ക്കുന്നതായ സിസിടിവി ദൃശ്യം കണ്ടെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് സംഘം തയാറായില്ലെന്നും മകളുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കാട്ടിയാണ് സിബിഐ അന്വേഷണത്തിനായി ദിയയുടെ മാതാപിതാക്കള്‍ വീണ്ടും കോടതിയെ സമീപിച്ചത്.
തിരോധാനം സംബന്ധിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും കേരളത്തിന് പുറത്തേക്കു കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ അരുണ്‍ കാരണവര്‍ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞെങ്കിലും കേസ് ഏറ്റെടുക്കാന്‍ സിബിഐ താത്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ഉന്നതതല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മനുഷ്യക്കടത്തുള്‍പ്പെടെയുള്ള രാജ്യാന്തര -സംസ്ഥാനാന്തര മാഫിയാസംഘങ്ങള്‍ ഉള്‍പ്പെടെ ഇതിന് പിന്നിലുണ്ടോയെന്ന സംശയവും കേസ് പരിഗണിക്കവേ കോടതി പ്രകടിപ്പിച്ചു.
2014 ഓഗസ്റ്റ് ഒന്നിന് രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ദിയാ ഫാത്തിമയെ പെട്ടെന്നു കാണാതായത്. സംഭവദിവസം രാവിലെ മുതലുണ്ടായ തോരാത്ത മഴയില്‍ വീടിനടുത്തുകൂടെയുള്ള കൈത്തോടിലെ വെള്ളത്തില്‍ അബദ്ധത്തില്‍ കുട്ടി അകപ്പെട്ടുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നിഗമനത്തിലെത്തിയത്.
ഇതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ കീഴ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിച്ചവച്ച് നടക്കാന്‍ പഠിച്ചുവരുന്ന പൊന്നുമോള് വീടിനടുത്തുനിന്നും 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്നു വിശ്വസിക്കാന്‍ സുഹൈല്‍-ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് കഴിയുമായിരുന്നില്ല. കാണാതാകുമ്പോള്‍ കുട്ടിയുടെ ദേഹത്ത് രണ്ടര പവനോളം സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. പുഴയില്‍ ഒഴുകിപ്പോയതാണെന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസ് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു.