മോസ്കോ: കോണ്‍ഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള മത്സരത്തിൽ പോർച്ചുഗലിനു ജയം. കോണ്‍കാകാഫ് ജേതാക്കളായ മെക്സിക്കോയെ അധികസമയത്തേക്കു നീണ്ട പോരാട്ടത്തിൽ 2-1നു കീഴടക്കിയാണ് യൂറോ ചാമ്പ്യൻമാരായ പറങ്കിപ്പട മൂന്നാം സ്ഥാനം നേടിയത്. നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
കയ്യാങ്കളിയുടെ വക്കത്തെത്തിയ മത്സരത്തിൽ റഫറിക്ക് രണ്ട് ചുവപ്പ് കാർഡ് പുറത്തെടുക്കേണ്ടിവന്നു. അധിക സമയത്തായിരുന്നു രണ്ട് ചുവപ്പുകാർഡും റഫറി പ്രയോഗിച്ചത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു പോർച്ചുഗലിന്റെ ജയം. 54-ാം മിനിറ്റിൽ ലൂയിസ് നെറ്റോയുടെ സെൽഫ് ഗോളിൽ പിന്നിലായ പറങ്കിപ്പടയുടെ രക്ഷകനായി ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റിൽ പെപെ അവതരിച്ചു. പെപെയുടെ ഇഞ്ചുറിടൈമിലെ ഗോളിലൂടെ മത്സരം 1-1ൽ ആയതോടെ വിധിനിർണയം അധികസമയത്തേക്ക് നീണ്ടു.
103-ാം മിനിറ്റിൽ മിഗ്വേൽ ലെയൂണ്‍ ബോക്സിനുള്ളിൽ പന്ത് കൈകാര്യം ചെയ്തതിനെത്തുടർന്ന് പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റിക്കാർഡോ ഖ്വർസെമ പന്ത് വലയിൽ നിക്ഷേപിച്ച് 2-1ന്റെ ലീഡ് പോർച്ചുഗലിനു സമ്മാനിച്ചു.
തുടർന്ന് 106-ാം മിനിറ്റിൽ പോർച്ചുഗലിന്റെ നെൽസണ്‍ സെമെഡോയും 112-ാം മിനിറ്റിൽ റൗൾ ഗിമെനസും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിന്റെ അവസാന മിനിറ്റിൽ സൈഡ് റഫറിയോട് കയർത്തതിന് മെക്സിക്കൻ പരിശീലകനും മാർച്ചിംഗ് ഓർഡർ ലഭിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ കളിച്ചത്.