സി.സി.സോമൻ
കോട്ടയം: കോടതിയിൽ ഹാജരാക്കുന്ന കൊടും ക്രിമിനലുകളുടെ ഇടപെടൽ നിരീക്ഷിക്കാൻ രഹസ്യ പോലീസ്. കോടതി വരാന്തയിൽ പ്രതികൾ സ്വതന്ത്രരായതിനാൽ പല തരത്തിലുള്ള രഹസ്യ ഇടപെടൽ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ ഫോണ്, കഞ്ചാവ് തുടങ്ങിയവ കൈമാറുന്നതും പലപ്പോഴും കോടതി വരാന്തകളിലാണ്. ചിലപ്പോൾ പ്രതികൾക്ക് മൊബൈൽ ഫോണിൽ സംസാരിക്കാൻ സൗകര്യം ചെയ്തു കൊടുക്കും.
ഇതിന് പോലീസും ചിലപ്പോൾ കൂട്ടു നിൽക്കും. പോലീസ് അറിയാതെയും ചില ഫോണ് വിളികൾ നടക്കാറുണ്ട്. ഇതൊക്കെ നിരീക്ഷിക്കുക എന്നതാണ് രഹസ്യ പോലീസിന്റെ ചുമതല. കൊടും ക്രിമിനലുകളെ സഹായിക്കാനും പുതിയ തന്ത്രങ്ങൾ മെനയാനും കാണാൻ വരുന്നത് ആരൊക്കെയെന്ന് നിരീക്ഷിച്ച് വിവരം ഉന്നത പോലീസ് അധികാരികളെ അറിയിക്കും. കൊടും ക്രിമിനലുകളെയും വിവാദമായ കേസുകളിലെ പ്രതികളെയും കോടതിയിൽ ഹാജരാക്കുന്പോൾ അവരുടെ എല്ലാ നീക്കങ്ങളും വീഡിയോയിൽ പകർത്താനുള്ള സംവിധാനനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റു ജില്ലകളിൽനിന്ന് കോട്ടയത്തെ കോടതിയിൽ ഹാജരാക്കുന്നതിന് കൊണ്ടുവരുന്ന കൊടും ക്രിമിനലുകളെ രഹസ്യമായി കാണാൻ വരുന്നവരുടെ ദൃശ്യങ്ങൾ പകർത്തി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ കീഴിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.
കോടതി വരാന്തകളിൽ പ്രതികൾ നടത്തുന്ന എല്ലാ നീക്കങ്ങളും നിരീക്ഷിക്കാൻ മഫ്തിയിലുള്ള രഹസ്യ പോലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. റിമാൻഡിൽ കഴിയുന്ന പല ക്രിമിനലുകളുടെയും രഹസ്യ ഇടപെടൽ നടക്കുന്നത് കോടതി വരാന്തകളിലാണ്. ഇത് മനസിലാക്കിയാണ് കോട്ടയത്ത് പ്രതികളെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയത്.