ചേർത്തല: ചേർത്തലയിൽ സിപിഎം- സിപിഐ ബന്ധം വഷളാകുന്നു. സിപിഎം നേതൃയോഗത്തിൽ സിപിഐ മന്ത്രിക്കും നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിടിഎഎം ഹാളിൽ ചേർന്ന ചേർത്തല അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ ശിൽപ്പശാലയിലാണ് പ്രാദേശിക നേതാക്കൾ ഘടക കക്ഷിയിലെ മന്ത്രിക്കും നേതാക്കൾക്കുമെതിരെ പൊട്ടിതെറിച്ചത്.
സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിപക്ഷ നേതാവ് ചമയാനാണ് ശ്രമിക്കുന്നതെന്നും മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു. തങ്ങളുടെ വോട്ടും പ്രയത്നവും കൊണ്ട് മന്ത്രിയായയാൾ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിലടക്കം പക്ഷാഭേദം കാട്ടുന്നതായും പ്രവർത്തകർ ആരോപിച്ചു.
സ്വന്തം പാർട്ടി അംഗങ്ങൾക്ക് ഗുണകരമായ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും പാർട്ടി വളർത്താനുള്ള ഇത്തരം നീക്കങ്ങൾ ഇടതു ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും പ്രവർത്തകർ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ.എസ് സാബു അധ്യക്ഷനായി.