കൊച്ചി: കൊച്ചിയിൽ യുവനടി അതിക്രമത്തിന് ഇരയായ കേസിൽ ദിലീപ്, നാദിർഷ എന്നിവർക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യും. ചില ശാസ്ത്രീയ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മൂവരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ദിലീപും നാദിർഷയും ചോദ്യ ചെയ്യലിൽനൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് എന്നാണ് വിവരം. പൾസർ സുനിയുടെ ഫോൺ വന്ന വിവരം ദിലീപിനോട് വളരെ വൈകിയാണ് താൻ പറഞ്ഞതെന്നാണ് നാദിർഷാ മൊഴി നൽകിയിരുന്നത്. അതേസമയം തന്റെ ലൊക്കേഷനുകളിൽ ഒന്നും പൾസർ സുനി എത്തിയിട്ടില്ല. തനിക്ക് പൾസർ സുനിയെ അറിയില്ല തുടങ്ങിയ നിലപാടാണ് ദിലീപ് സ്വീകരിച്ചിരുന്നത്. എന്നാൽ ജോർജ്ജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ സുനി എത്തിയതിന്റെ ചിത്രങ്ങൾ ലഭിച്ചതോടെ ദിലീപിന്റെ വാക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തി.
സുനിൽ കുമാറിനെ പരിചയമില്ലെന്ന നാദിർഷയുടെ മൊഴിയിലും അവ്യക്തയുണ്ടെന്നാണ് വിവരം. ജയിലിൽ നിന്ന് സുനിൽകുമാർ നാദിർഷയെ മൂന്നുതവണ വിളിച്ചുവെന്നു തെളിവ് ലഭിച്ചു. ഇതിന്റെ ഫോണ് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒരു കോൾ എട്ട് മിനിറ്റ് നീണ്ടുവെന്നാണ് റിപ്പോർട്ട്. നിർണായക ഫോണ് വിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.
കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും ആവശ്യമായ ഘട്ടത്തിൽ അറസ്റ്റുണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. കേസിൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല. അറസ്റ്റ് അനിവാര്യമായ ഘട്ടത്തിൽ മാത്രമേ ഉണ്ടാകൂ. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ പറഞ്ഞു. കേസിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നൽകിയിരുന്നില്ല.
നേരത്തെ, ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഓണ്ലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ “ലക്ഷ്യ’യിൽ കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഈ സ്ഥാപനത്തിൽ എത്തിച്ചതായി പൾസർ സുനി പോലീസിനോടു വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്നാണു വിവരം. എന്നാൽ, മെമ്മറി കാർഡ് ഇവിടെനിന്നു കണ്ടെത്താനായില്ലെന്ന് അറിയുന്നു. റെയ്ഡിൽ “ലക്ഷ്യ’യിൽനിന്നു പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്കയച്ചു.