വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ സാമൂഹ്യാരോഗ്യകേന്ദ്രം കുറെ ജീവനക്കാർക്ക് ശമ്പളംവാങ്ങുന്നതിനുള്ള കേന്ദ്രമായി ചുരുങ്ങിയെന്ന് പരാതി. ആപത്ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സപോലും ഇവിടെ അന്യമാണ്. ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടറുടെ സേവനവും ഉറപ്പ് പറയാനാകില്ല.
മുപ്പത്തിനാല് ബെഡുകളിലായി കിടത്തി ചികിത്സ വിഭാഗമുള്ള സർക്കാർ ആശുപത്രിയുടെ സ്‌ഥിതിയാണിത്. വടക്കഞ്ചേരിയിൽ സ്വകാര്യമേഖലയിൽ ചികിത്സാ സൗകര്യമുള്ള നല്ല ആശുപത്രികളില്ലെന്നിരിക്കെ രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് വഴിയില്ല. പനി പടരുന്നതിനാൽ ദിവസവും രാവിലെ ഒപി വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. എന്നാൽ രോഗികളുടെ വർധനക്കനുസരിച്ച് ഡോക്ടർമാരില്ല.
പ്രാഥമികാരോഗ്യകേന്ദ്രം , സാമൂഹ്യാരോഗ്യകേന്ദ്രമായി ഉയർത്തുമ്പോൾ അഞ്ച് ഡോക്ടർമാർ വേണമെന്നാണ് വ്യവസ്‌ഥ.അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. 34 ബെഡുണ്ടെങ്കിലും ഏതാനുംപേർക്ക് മാത്രമെ കിടത്തി ചികിത്സയുള്ളൂ.
രാത്രിസമയം ഡോക്ടറുടെ സേവനം ഉറപ്പില്ലാത്തതിനാൽ പ്രശ്നകേസുകളൊന്നും ആശുപത്രിയിൽ കിടത്തില്ല. ചെറിയ പനിക്കാരും പോലീസ് കേസാക്കുന്നതിനുമായി വരുന്നവരാണ് ഐപിയിലുണ്ടാവുക. ഇവർ വീട്ടിൽ വിശ്രമിച്ചാലുംരോഗം മാറ്റുന്നവരുമാകും.
നിലവിലുള്ള സ്റ്റാഫിന് നിലനിൽക്കാനുള്ള കിടത്തി ചികിത്സയും പരിശോധനകളുമാണ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം രോഗികളെ താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളജിലേക്കും റഫർ ചെയ്യുന്ന ആശുപത്രിയായി വടക്കഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രം മാറും.
സാമൂഹ്യാരോഗ്യകേന്ദ്രം എന്ന നിലയിലുള്ള ചികിത്സാ സൗകര്യം ഇല്ലാത്ത ആശുപത്രിക്ക് ഇനി താലൂക്ക് പദവി നൽകി വീണ്ടും ഉയർത്തണമെന്നാണ് പറയുന്നത്. വിവിധ ഫണ്ട് ഉപയോഗിച്ച് ഇടയ്ക്കിടെ നിർമിക്കുന്ന കുറേ കെട്ടിടങ്ങളല്ലാതെ ജനത്തിന് ഉപകാരപ്രദമായ ചികിത്സ സംവിധാനം ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മലയോരമേഖലയും ദേശീയ–സംസ്‌ഥാന പാതകളും ഉൾപ്പെടുന്നതാണ് വടക്കഞ്ചേരി മേഖല. ആശുപത്രി കോമ്പൗണ്ട് നിറയെ കെട്ടിടങ്ങൾകൊണ്ട് നിറഞ്ഞെങ്കിലും ഏതുകാലത്തും ഡോക്ടർമാരുടെ കുറവാണ് പ്രശ്നമാകുന്നത്. ഫീൽഡ് സ്റ്റാഫും മറ്റുമായി നൂറോളം വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ പടയുണ്ടെങ്കിലും ചികിത്സമാത്രം ഇവിടെ നടക്കുന്നില്ല.