ലജ്ജകൊണ്ട് എന്റെ തല കുനിയുന്നു! രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും നാവികസേനാ മുന്‍മേധാവിയുടെ തുറന്ന കത്ത്; എല്‍ രാംദാസ് എഴുതിയ കത്തില്‍ പറയുന്നതിങ്ങനെ

admiral-ramdas-759രാജ്യത്തെ സമകാലീന രാഷ്ട്രീയാന്തരീക്ഷത്തില്‍ തനിക്കുള്ള ആശങ്കകളും നിരാശകളും പങ്കുവെച്ചുകൊണ്ട് മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എഴുതിയ തുറന്ന കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഓരോ പൗരനും ഉണ്ടാകാവുന്ന സംശയങ്ങളും ആശങ്കകളുമാണ് ഇദ്ദേഹം തന്റെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നതാണ് ഈ കത്തിനെ ഇത്രയും ജനപ്രിയമാക്കിയത്.

ബഹുമാനപ്പെട്ട പ്രസിഡന്റ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

എന്റെ പ്രിയപ്പെട്ട രാജ്യവും അവിടുത്തെ ജനതയും ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയും നമ്മുടെ മഹത്തായ പാരമ്പര്യം വലിയ ഭീഷണികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഹൃദയവേദനയോടു കൂടിയാണ് ഞാനീ തുറന്ന കത്ത് എഴുതുന്നത്. ഞാന്‍ ഇന്ത്യന്‍ സായുധസേനയില്‍ സേവനമനുഷ്ഠിച്ചയാളാണ്. സ്വാതന്ത്ര്യം ലഭിച്ചയുടന്‍ 14ാം വയസില്‍ സേവനം തുടങ്ങിയ എന്റെ 45 വര്‍ഷത്തെ കരിയറിനിടെ ഇന്ത്യന്‍ നാവികസേനാ മേധാവിയുമായി (1990 മുതല്‍ 1993 വരെ). ഇതിനിടെ ഇന്ത്യയില്‍ പലമാറ്റങ്ങള്‍ക്കും സാക്ഷിയായി. 1947ലെ വിഭജകാല ഭീതി മുതല്‍ നാം ഇന്ന് കാണുന്ന ഡിജിറ്റല്‍ കണക്ടിവിറ്റിയുടെ മറ്റൊരു ലോകം വരെ. ഹിന്ദു വിശ്വാസപ്രകാരം വളര്‍ന്ന ഒരാളെന്ന നിലയില്‍ കൂടിയാണ് ഞാന്‍ ഈ എഴുത്ത് എഴുതുന്നത്. ഞാന്‍ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്ത ഹിന്ദുയിസം മാന്യവും, അനന്യമായ ബഹുസ്വരത ഉള്‍ക്കൊള്ളുന്നതുമായിരുന്നു. സ്നേഹത്തിന്റെ മൂല്യവും എല്ലാ ജീവികളോടുമുള്ള ആദരവും എന്റെ മതം എന്നെ പഠിപ്പിച്ചു. ഇന്നത്തെ ‘ഹിന്ദുത്വ’ ബ്രാന്റ് പ്രതിനിധീകരിക്കുന്ന തരത്തില്‍ വിഭജനത്തിന് ആക്കം കൂട്ടുന്നതും രാജ്യത്ത് ഭീതി വളര്‍ത്തുന്നതുമായ ഹിംസയും അസഹിഷ്ണുതയും നിറഞ്ഞതല്ല എന്റെ ഹിന്ദുയിസം ബ്രാന്റ്.

dADRI

2014 മേയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തുകൊണ്ടാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി നാം കാണുന്നത്? ചില പ്രത്യേക സമുദായങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ താക്കീത് ചെയ്യപ്പെടുന്നു ഉദാഹരണത്തിന്, മുസ്ലീങ്ങള്‍. ഇന്ന് ഒരു മുസ്ലീമിന് അവനായാലും അവളായാലും അവരുടെ ദേശഭക്തി തെളിയിക്കേണ്ടി വരുന്നു. അവരുടെ ആരാധനാലായങ്ങള്‍ ആക്രമിക്കപ്പെട്ടു, അവരുടെ ഭക്ഷണശീലങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. തീര്‍ത്തും അംഗീകരിക്കാനാവാത്ത ഏകപക്ഷമായ ജനക്കൂട്ട പെരുമാറ്റം കൊലപാതകത്തിലേക്ക് നയിക്കുന്നതും മുതിര്‍ന്ന നേതാക്കളുടെ പ്രകോപനപരമായ പരസ്യ പ്രതികരണങ്ങളും കൂടുകയും ആവര്‍ത്തിക്കുകയുമാണ്. യാതൊരു ശിക്ഷാ ഭയവുമില്ലാതെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇന്ന്, എന്റെ സഹജീവിതങ്ങള്‍ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങളുടെ ഒരു നിരതന്നെ കാണുമ്പോള്‍ എണ്‍പതുവയസിന്റെ അനുഭവസമ്പത്തുള്ള ഞാന്‍ ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. 45 വര്‍ഷം ഞാന്‍ സേവനമനുഷ്ഠിച്ച നമ്മുടെ സായുധ സേന ഇന്ത്യയുടെ മതേതര ചിന്തകള്‍ക്ക് മാതൃകയാണ്. അത് കപ്പലിലായാലും മുങ്ങിക്കപ്പലിലായാലും, വിമാനത്തിലായാലും യുദ്ധരംഗത്തായാലും, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്കിടയില്‍ വിവേചനങ്ങളുണ്ടായിരുന്നില്ല ഞങ്ങള്‍ ഒരുമിച്ച് പരിശീലിക്കുകയും പോരാടുകയും ജീവിക്കുകയും തിന്നുകയും മരിക്കുകയും ചെയ്തു.

 

Related posts