ആലപ്പുഴ: മണ്ഡലം കമ്മിറ്റി ഓഫീസ് നിർമാണത്തിന് ഭൂമാഫിയയിൽ നിന്ന് പണം വേണ്ടെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. ആലപ്പുഴ നഗരത്തിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഓഫീസ് നിർമാണത്തിനായി തണ്ണീർത്തടം നികത്തുന്ന വ്യക്തിയിൽ നിന്നും പണം വേണ്ടെന്ന തീരുമാനമെടുത്തത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ സ്മാരകമായി നിർമിക്കുന്ന കെട്ടിടത്തിനായി ഒരു ലക്ഷം രൂപ ഭൂമി നികത്തുന്ന വ്യക്തിയിൽ നിന്ന് കോണ്‍ഗ്രസ് നേതാവ് കൈപ്പറ്റുകയും കെട്ടിടനിർമാണത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവിനെ നേരത്തെ ഏൽപ്പിക്കുകയുമായിരുന്നു.
ഓഫീസ് നിർമാണത്തിനായി ലഭിച്ച തുകയിൽ കൂടുതൽ നേതാവ് വാങ്ങിയെന്നും ഇനിയും പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യാപകമായ ആക്ഷേപങ്ങളുയർന്നതോടെ സംഭവം വിവാദത്തിലായി. ഇതിനിടയിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലം നികത്തുന്നതിനു സ്റ്റോപ്പ് മെമ്മോയും നൽകി. നഗരസഭയിൽ നിന്നും കെട്ടിട നിർമാണ പെർമിറ്റ് സന്പാദിച്ച് സ്ഥലം ഉടമ കോടതിയെ സമീപിക്കുകയും തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയും ചെയ്തതോടെ നഗരസഭ കൗണ്‍സിലിലും സംഭവം വിവാദമായിരുന്നു.
ഇതേതുടർന്നാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട കമ്മിറ്റി ചേരുകയും ഭൂമാഫിയയിൽ നിന്നും പണം സ്വീകരിക്കേണ്ടെന്നും വാങ്ങിയ പണം സ്വീകരിച്ചയാൾ തന്നെ തിരികെ നൽകാനും തീരുമാനിച്ചത്. പണം സ്വീകരിച്ചതിനെതിരെ രൂക്ഷമായ വിമർശനമാണ് കമ്മറ്റിയിലുണ്ടായത്. നഗരസഭാ ചെയർമാനും ഡിസിസി സെക്രട്ടറിയടക്കം പങ്കെടുത്ത യോഗത്തിലാണ് പണം സ്വീകരിക്കേണ്ടെന്ന തീരുമാനമെടുത്തത്.