തൃശൂർ: മണിചെയിൻ തട്ടിപ്പുകേസിൽ പോലീസുകാരനും ഭാര്യയും ഉൾപ്പെടെ അഞ്ചുപേർക്ക് അഞ്ചുവർഷം തടവും 2,45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.വി. ബിജു സാഗർ, ഡയറക്ടർമാരായ ശിവദാസൻ, കെ.ഡി. പ്രതാപൻ, പ്രഭാശങ്കർ, ഭാര്യയും പ്രമോട്ടറുമായ ബിന്ദു എന്നിവരെയാണ് അഡീഷണൽ സിജെഎം കോടതി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കെ. ബിനു ശിക്ഷിച്ചത്. പിഴ പരാതിക്കാർക്കു നല്കണം. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ഒല്ലൂർ സ്റ്റേഷനിലെ റൈറ്ററാണ് പ്രഭാശങ്കർ. പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്കു റിമാൻഡ് ചെയ്തു. ഐപിസി 406, 417, 418, 420 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ശിക്ഷവിധിച്ചത്.
2010ൽ തൃശൂർ വാരിയം ലെയ്നിലെ ഓഫീസ് കേന്ദ്രീകരിച്ച്, ആറുമാസംകൊണ്ട് മുതൽമുടക്കിന്റെ അഞ്ചിരട്ടി വാഗ്ദാനം ചെയ്താണ് ഗ്രീൻകോ നിക്ഷേപകരെ ആകർഷിച്ചുതുടങ്ങിയത്. ആറുമാസത്തിനുള്ളിൽ കന്പനി അധികൃതർ വഞ്ചിച്ചെന്ന പരാതിയുമായി നിക്ഷേപകർ രംഗത്തെത്തി. ലാഭവിഹിതം വാഗ്ദാനം ചെയ്ത് 500ലേറെ പേരിൽനിന്നും പണം തട്ടിച്ചെന്നാണ് ആക്ഷേപം. തൃശൂർ സ്വദേശികളായ പ്രഭാകരൻ, ശ്രീദേവി എന്നിവരുടെ പരാതിയിന്മേലുള്ള കേസിലാണ് നിലവിൽ ശിക്ഷവിധിച്ചത്. 300ഓളം പരാതിക്കാർ ഉൾപ്പെട്ട ഏഴു കേസുകളിൽ അഡീഷണൽ സിജെഎം കോടതിയിൽ വിചാരണ നടന്നുവരികയാണ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മജീദ് കൊല്ലത്ത് പരാതിക്കാർക്കുവേണ്ടി ഹാജരായി.