ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നിലച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയില്ല. മറുപടി പറയാൻ അധികൃതർക്കും കഴിയുന്നില്ല. എല്ലാ പണികളും പയറ്റിനോക്കിയിട്ടും ഫോൺ നന്നാക്കാൻ അധികൃതർക്ക് കഴിയുന്നില്ല.ഇതുമൂലം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിക്കാൻ ആർക്കും കഴിയാത്ത സാഹചര്യമാണുള്ളത്.
അത്യാവശ്യഘട്ടങ്ങളിൽ പോലീസ് സഹായം ലഭിക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഒറ്റപ്പാലം താലൂക്ക് വികസനസമിതിയിലും ഇതുസംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ മൂന്നുമാസക്കാലമായി സ്റ്റേഷനിലെ ലാന്‍റ് ഫോൺ തകരാറിലാണെന്ന് പോലീസ് തുറന്നു സമ്മതിക്കുന്നു.
പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ മറ്റു നമ്പറുകളിലേക്കാണ് കോൾ പോകുന്നതെന്ന് ഇവർ തന്നെ സമ്മതിക്കുന്നു. പോലീസ് പദ്ധതിപ്രകാരം പരിശോധന നടത്തിയ ബിഎസ്എൻഎൽ അധികൃതർക്ക് എന്താണ് പ്രശ്നമെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സോഫ്റ്റ് വെയർ തകരാറാണെന്ന് ടെലികോം അധികൃതർ പറയുന്നു.പകരം ജനങ്ങൾക്കായി മറ്റൊരു നമ്പർ നല്കിയിട്ടുണ്ട്. എന്നാൽ ഇത് കാര്യക്ഷമമല്ല. പോലീസ് സ്റ്റേഷനിലെ ടെലിഫോൺ തകരാർ എത്രയുംവേഗം പരിഹരിക്കണമെന്ന് വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്.