തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം സിബിഐക്ക്. കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു കൊണ്ട് സർക്കാർ ഉത്തരവിറക്കി. നേരത്തെ ജിഷ്ണുവിന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ജിഷ്ണു കേസ് അട്ടിമറിക്കാൻ കോണ്ഗ്രസ് നേതാവ് കെ.സുധാകരൻ ശ്രമിച്ചുവെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ ഇന്ന് ആരോപിച്ചിരിക്കുകയാണ്. കെ.സുധാകരൻ നെഹ്റു ഗ്രൂപ്പ് മാനേജ്മെന്റിന് അനുകൂലമായി നിലപാട് സ്വീകരിക്കാനും കേസ് പിൻവലിക്കാനും ആവശ്യപ്പെട്ടെന്നായിരുന്നു ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ആരോപണം.
ജിഷ്ണു കേസ് സംബന്ധിച്ച് പോലീസിനെതിരെയും സർക്കാരിനെതിരെയും ഏറെ വിമർശനം ഉയർന്നിരുന്നു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ സ്വാധീനമാണ് കേസ് അന്വേഷണം അട്ടിമറിക്കാൻ കാരണമെന്നും പോലീസ് നിഷ്പക്ഷമായല്ല കേസ് അന്വേഷണം നടത്തിയതെന്നും ആരോപണം ഉയർന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട തങ്ങളുടെ ആക്ഷേപങ്ങൾ പരാതി രൂപത്തിൽ നൽകാൻ പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജക്കും കൂട്ടർക്കുമെതിരെ പോലീസ് നടത്തിയ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും സർക്കാരും തമ്മിൽ കരാർ വ്യവസ്ഥകൾ ഉണ്ടാക്കി. എന്നാൽ കരാർ വ്യവസ്ഥകൾ സർക്കാർ പാലിച്ചില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ ആരോപിച്ചു.