തിരുവനന്തപുരം: ഇരുനൂറ് പവൻ സ്വർണം കവർന്ന മോഷ്ടാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. നാഗർകോവിൽ വടശേരി ഓട്ടുപുര തെരുവിൽ ഡോർ നന്പർ 111 ൽ രാജൻ എന്ന ത്യാഗരാജനാണ് (45) പിടിയിലായത്. 2007 ൽ പാച്ചല്ലൂർ ചുടുക്കാട് ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ഭാരവാഹി അഹീന്ദ്ര ബാബുവിന്റെ വിട്ടിൽ കല്യാണ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന 200 ഓളം പവൻ സ്വർണാഭരണങ്ങളാണ് ത്യാഗരാജനും കുട്ടാളികളും കൊള്ളയടിച്ചത്.
ഈ കേസിൽ പ്രതിയെ പറ്റി വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് കേസ് അന്വേഷണം വഴിമുട്ടി നില്ക്കുന്ന അവസ്ഥയിലാണ് ത്യാഗരാജൻ പിടിയിലാക്കുന്നത്. 2004 ൽ അജിത്ത് കുമാറിന്റെ പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട് കുത്തിതുറന്നു മോഷണം നടത്തിയതായും 2008 ൽ കഠിനംകുളത്തെ ക്രിസ്ത്യൻ ദേവാലയത്തിൽ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
2011 ൽ ചിറയിൻകിഴ് സ്വദേശിനി റീജയുടെ വിട്ടിൽ നിന്നും 15 പവൻ, 2014 ൽ കാഞ്ഞിരംകുളത്ത് ജ്വല്ലറി തകർത്ത് നടത്തിയ മോഷണ കേസുകൾ ഉൾപ്പടെ നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കഠിനംകുളം, പേട്ട എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ ഭൂതാപാണ്ടി, നാഗർകോവിൽ, പാളയംകോട്ട എന്നിവിടങ്ങളിലായി മുന്നൂറോളം മോഷണക്കേസുകളിലെ പ്രതിയാണ് ത്യാഗരാജൻ. ഇയാൾ ഗുണ്ടാ ആക്ടിലും തമിഴ്നാട്ടിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ മഴക്കാലത്ത് മോഷണങ്ങൾ കൂടാൻ സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ മാസങ്ങൾക്ക് മുൻന്പ് രൂപീകരിച്ച പ്രത്യേക ഷാഡോ ടീം നടത്തിയ നിരീക്ഷണത്തിനും തിരച്ചിലിനുമൊടുവിലാണ് രാജൻ പിടിയിലായത്.
ആക്രി സാധാനങ്ങൾ ശേഖരിക്കുന്ന ആളെന്ന വ്യാജേന മോഷണത്തിന് വേണ്ടി ത്യാഗരാജൻ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും ആളില്ലാത്ത വീടുകൾ നോക്കിവച്ച് മോഷണം നടത്തുന്നതിന് തമിഴ്നാട്ടിൽ നിന്നും മറ്റ് സംഘങ്ങളെ കാത്തിരിക്കുകയാണെന്നും ഷാഡോ പോലീസ് സംഘം മനസിലാക്കി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ സംഘത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ പോലിസിന് ലഭിച്ചിട്ടുണ്ട്.