ഏതാനും നാളുകളായി ഒളിപ്പോരിലായിരുന്ന അംബാനി സഹോദരന്മാര് തുറന്ന യുദ്ധത്തിലേയ്ക്ക് ഇറങ്ങിത്തിരിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. രാജ്യത്തെ മുന്‍നിര കമ്പനികളായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും മുകേഷ് അംബാനിയുടെ ജിയോയുമാണ് തുറന്ന പോരിലേയ്ക്ക് കടന്നിരിക്കുന്നത്. ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ജേഷ്ഠന്റെ റിലയന്‍സ് ജിയോയാണ് തന്റെ കമ്പനിയായ ആര്‍കോമിനെ വന്‍ നഷ്ടത്തിലേക്ക് വലിച്ചിട്ടതെന്ന് അനില്‍ അംബാനി പരോക്ഷമായി ആരോപിച്ചു. സൗജന്യ ഓഫറുകളിലൂടെ വിപണി പിടിച്ചെടുത്ത പുതിയ ടെലികോം കമ്പനിയാണ് ആര്‍കോമിന്റെ ഇപ്പോഴത്തെ തകര്‍ച്ചക്ക് പിന്നിലെന്നും അനില്‍ പറഞ്ഞു. എന്നാല്‍ മൂന്നു മാസമായി ബാങ്കുകളുടെ കടം തിരിച്ചടയ്ക്കുന്നില്ലെന്ന ആരോപണം ആര്‍കോം മേധാവി നിഷേധിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ആര്‍കോം ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ക്ക് ഇത്രയും വലിയ നഷ്ടം നേരിടുന്നത്. മിക്ക കമ്പനികളുടെയും കടബാധ്യത വിപണി മൂലധനത്തേക്കാള്‍ മുകളിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കടബാധ്യത വര്‍ധിച്ചതും വരുമാനത്തില്‍ കുറവുണ്ടായതും ടെലികോം കമ്പനികളെ എല്ലാ സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ടെലികോം വിപണിയിലെ വന്‍ പ്രതിസന്ധികള്‍ക്ക് കാരണം ജിയോയുടെ അതിരുവിട്ട സൗജന്യമാണെന്നും ആര്‍കോം കുറ്റപ്പെടുത്തി. ചില ബാങ്കുകള്‍ക്കുള്ള തിരിച്ചടവ് വൈകിപ്പിച്ചിട്ടുണ്ട്. ഈ തുക അടയ്ക്കാന്‍ ഡിസംബര്‍ വരെ സമയം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികള്‍ സെപ്റ്റംബറോടെ നടപ്പാക്കാനാകും. കുറച്ചു ബാങ്കുകള്‍ ഡിസംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ആര്‍കോം മേധാവി അറിയിച്ചു. 45,000 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി തിരിച്ചടക്കേണ്ടത്. ടെലികോം വരിക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാനായി ടവര്‍ ബിസിനസ് സ്ഥാപനമായ ബ്രൂക്ക്ഫീല്‍ഡിന് വില്‍ക്കുന്നതും എയര്‍സെല്ലുമായുള്ള ലയനവും പൂര്‍ത്തിയാകുന്നതോടെ 25,000 കോടി രൂപയുടെ ബാധ്യത കുറയ്ക്കാന്‍ സാധിക്കും. കടബാധ്യത തീര്‍ത്ത് വിപണിയിലേയ്ക്ക് തിരിച്ചുവരുമെന്നും ആര്‍കോം മേധാവി അനില്‍ അംബാനി പറഞ്ഞു.