കൊച്ചി: കിഴക്കമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പോലീസ് പിടിയിലായതായി സൂചന. കേസിലെ മുഖ്യപ്രതി ഒളിവിലാണെന്നും ഇയാളെ ഇന്നു തന്നെ പിടികൂടുമെന്നും കുന്നത്തുനാട് സിഐ ജെ .കുര്യാക്കോസ് പറഞ്ഞു. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേക്കുറിച്ച് പോലീസ് പറയുന്നത്: അയൽവാസികളായിരുന്ന നാല് പ്രതികളും പെൺകുട്ടിയുമായി സൗഹൃദബന്ധം സ്ഥാപിച്ചി രുന്നു. ഇതിൽ കേസിലെ മുഖ്യപ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.
ഇത് മനസിലാക്കി ഇയാളുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതിനിടെയിൽ പ്രതികൾ പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നാട്ടിലെങ്ങും പറഞ്ഞു പരത്തിയിരുന്നു. ഇവരുടെ ശല്യം സഹിക്കവയ്യാതായതോടെയാണ് പെൺകുട്ടി ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
എസ്പിയുടെ നിർദേശമനുസരിച്ചാണ് കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണമാരംഭിച്ചത്.പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മുഖ്യ പ്രതിയെ ഇന്ന് തന്നെ പിടികൂടി ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.