കുണ്ടറ: വില്പന സാധനങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങുന്നവരെ സൂക്ഷിക്കണമെന്ന് ഡിവൈഎസ്പി ബി.കൃഷ്ണകുമാർ. കച്ചവടത്തിനെന്ന മട്ടിൽ ഇവർ വീടുകളിലെത്തുന്നത് തട്ടിപ്പിനാണ്. നമ്മുടെ നാട്ടിൻപ്രദേശങ്ങളിൽ നടക്കുന്ന പീഡനങ്ങളിലും മോഷണങ്ങളിലും ഇവർക്കുള്ള പങ്ക് വ്യക്തമായിട്ടുള്ളതായും ഡിവൈഎസ്പി പറഞ്ഞു.
വീട്ടിലെത്തുന്ന ഇത്തരക്കാർ പരിസരം നിരീക്ഷിക്കും. പിന്നീട് കോളിംഗ് ബെല്ലടിക്കും. ആളനക്കമില്ലെങ്കിൽ വീടിന്റെ പിൻഭാഗത്തേക്ക് പോകും. തക്കം കിട്ടിയാൽ വീടിനുള്ളിൽ കടക്കും. മോഷണശ്രമം കണ്ടെത്തിയാൽ സാധനങ്ങൾ വിൽക്കാനാണെന്ന് പറഞ്ഞ് രക്ഷപെടും. ഇങ്ങനെയെത്തുന്നവർ പിന്നീടൊരിക്കൽ ഇവിടെത്തന്നെ മോഷണമോ, പീഡനമോ നടത്തും.
പല വീടുകളിലും അനുകൂല സാഹചര്യങ്ങളാണുള്ളത്. അയൽക്കാർ തമ്മിൽ സഹകരണമില്ലാത്ത വീടുകളിലാണ് അധികവും മോഷണവും പീഡനവും നടക്കുന്നത്. അയൽവീട്ടിൽ നിന്ന് നിലവിളി കേട്ടാൽപ്പോലും തിരിഞ്ഞുനോക്കാത്ത പ്രദേശങ്ങളുണ്ട്. അവിടങ്ങളിൽ മോഷണമോ മറ്റ് അനാശാസ്യ പ്രവർത്തനങ്ങളോ നടത്താൻ വളരെ എളുപ്പമാണ്.
അയൽക്കാർ തമ്മിലുള്ള കൂട്ടായ്മ അപകടങ്ങളൊഴിവാക്കും. സംശയകരമായ സാഹചര്യത്തിൽ ഇത്തരക്കാരെ കണ്ടാൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും ആവശ്യമെങ്കിൽ പോലീസിനെ വിളിക്കണമെന്നും ഡിവൈഎസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.