പുതുക്കാട്: യാത്രക്കാരുടെ തിരക്കുള്ള സമയങ്ങളിൽ ഗുഡ്സ് ട്രയിൻ സ്റ്റേഷനിൽ പിടിച്ചിട്ടാൽ റെയിൽ മുറിച്ചുകടക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇന്ന് രാവിലെ ട്രെയിൻ കയറാൻ വന്ന യാത്രക്കാർ ഗുഡ്സ് ട്രെയിനിന്റെ ഇടയിലൂടെ അപകടകരമായി കടന്നാണ് പ്ലാറ്റ്ഫോമിൽ എത്തിയത്.
രാവിലെ പുതുക്കാട് സ്റ്റേഷനിൽ ഏറെ യാത്രക്കാരുള്ള സമയത്താണ് ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വിലങ്ങുതടി ആവുകയാണ്. പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ഫുട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന് വർഷങ്ങളായി ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന് വീതിയില്ലാത്തതാണ് ഫുട്ട് ഓവർ ബ്രിഡ്ജിന് സാധ്യത മങ്ങിയതെന്ന് റെയിൽവേ അധികൃതർ പറയുന്നു.