തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അപകീർത്തികരമായ വാർത്തകൾ നൽകുന്നതിനെതിരെ ആക്രമണത്തിനിരയായ നടിയുടെ അർധസഹോദരൻ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു മാധ്യമം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച വാർത്ത മാനുഷികതയുടെ നേർത്ത അതിർവരന്പ് പോലുമില്ലാത്തതായിരുന്നെന്നും തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത മാധ്യമപ്രവർത്തകൻ അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് “ഇര’ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതെന്നും നടിയുടെ കസിൻ രാജേഷ് ബി.മേനോൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
മറ്റൊരുനാളും അനുഭവിക്കാത്ത വേദന ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെങ്കിലും, “ഇര’ എന്ന പദത്തിന് ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം, ചങ്കൂറ്റം, തന്റേടം, അഭിമാനം എന്നീ അർഥതലങ്ങൾ കൂടിയുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നതായും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി.
രാജേഷ് ബി.മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ …
ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം. മാനുഷികതയുടെ നേർത്ത അതിർവരന്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് “ഇര’ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണ്. അഭിനയം ഒരു കലയാണ്. ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒന്ന്. അതുകൊണ്ടു തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങൾ പകലിലും മിന്നും താരങ്ങളായത്.
ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത്. ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ്. മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല. എന്നാൽ ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം ചങ്കൂറ്റം തന്േറടം അഭിമാനം എന്നീ അർത്ഥതലങ്ങൾ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.
എന്നാൽ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോൾ ഞാനിതെഴുതുന്നത്. അതുകൊണ്ടു പറയുകയാണ് ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാൽ ഒരുപാടുപേരെ അതാശ്വസിപ്പിക്കും.
മാനുഷികതയും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു നൽകുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഒരു മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഞാൻ ഇന്നും വിശ്വസിക്കുന്നു. മാധ്യമ സുഹൃത്തുക്കളോട് ഞാനിത് പറയുവാനുള്ള കാരണം നിങ്ങൾക്കാണ് ഏറ്റവും എളുപ്പത്തിൽ ജനങ്ങളുടെ മനസിലേക്ക് കയറിച്ചെല്ലാൻ സാധിക്കുന്നത് എന്നതു കൊണ്ടാണ്. വിശ്വാസപൂർവ്വം നിർത്തട്ടെ.
സ്നേഹപൂർവ്വം
രാജേഷ് ബി.മേനോൻ