ജനപ്രതിനിധികൾ വികസനത്തെക്കുറിച്ച് വാതോരാതെ പറയുന്നത് മിക്കപ്പോഴും കേൾക്കുന്നതാണ്. എന്നാൽ വികസനം വെറും പ്രസംഗത്തിൽ മാത്രമേയുള്ളൂ എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് റോഡുകളിലെ മരണക്കുഴികൾ. റോഡുകളും കെട്ടിടങ്ങളും നിർമിച്ചതിനു ശേഷം ജനപ്രതിനിധിയുടെ സംഭാവനയെന്നു കാട്ടി ഒരു ഫ്ളക്സ് ബോർഡും സ്ഥാപിച്ചതിനു ശേഷം പോകുന്നയവർ പിന്നീട് ഈ പ്രദേശത്തേക്കു പോലും തിരിഞ്ഞു നോക്കാറില്ലെന്നുള്ളതാണ് സത്യം. ഇത്തരക്കാർക്കു മുന്നിൽ മാതൃകയായി മാറുകയാണ് ഹൈദരാബാദ് സ്വദേശിയായ രവി തേജ എന്ന പന്ത്രണ്ട് വയസുകാരൻ.
തകർന്നു പോയ റോഡിലെ കുഴിയിൽ വീണ് പിഞ്ഞുകുഞ്ഞ് മരിച്ച സംഭവത്തിൽ മനംനൊന്താണ് രവി കുഴികൾ മൂടാൻ മുന്നിട്ടിറങ്ങിയത്. ഒരു കുട്ട നിറയെ കല്ലുമായി നടന്ന് വഴിനീളെയുള്ള കുഴികളിൽ നിറയ്ക്കുകയാണ് രവി ചെയ്തത്. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവാണെന്നും ആ കുഞ്ഞിനു സംഭവിച്ചത് മറ്റാർക്കുമുണ്ടാകരുതെന്നും രവി പറയുന്നു.