തൃശൂർ: നടിമാർക്കെതിരേ അവഹേളന പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇന്നസെന്റ് എംപി. വാർത്താസമ്മേളനത്തിനിടെയുണ്ടായ ചില പരാമർശങ്ങൾ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതാണെന്നും ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ താൻ ഉദ്ദേശിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു.
ചില പരാമർശങ്ങൾ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ ഞാൻ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകൾ പ്രതിഫലിക്കും. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങൾ സംഘടന എന്ന നിലയിൽ അമ്മ നിർവഹിക്കും- ഇന്നസെന്റ് പറഞ്ഞു. സന്ദർഭത്തിൽ നിന്നടർത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോളുകൾക്ക് വേണ്ടി നടിമാർ കിടക്ക പങ്കിടണമെന്ന ഒരു നടിയുടെ ആരോപണത്തെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമർശമാണ് വിവാദമായത്. അക്കാലമെല്ലാം സിനിമയിൽ കഴിഞ്ഞുവെന്നും നടി അത്തരക്കാരിയാണെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ നടക്കുമായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പരാമർശത്തിന്റെ പേരിൽ ഇന്നസെന്റിനെതിരേ പരസ്യ നിലപാടുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തി.
നേരത്തെ, സിനിമയിൽ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന ആരോപണവുമായി നടിമാരായ പാർവതിയും ലക്ഷ്മി റായിയും രംഗത്തെത്തിയിരുന്നു.