ഡെർബി: വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ശ്രീലങ്കയെ ഇന്ത്യ 16 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 232 രൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 216 റൺസിന് പോരാട്ടം അവസാനിപ്പിച്ചു. സ്കോർ: ഇന്ത്യ- 232/8 (50 ov), ശ്രീലങ്ക- 216/7 (50.0 ov).
ജയത്തോടെ ഇന്ത്യ സെമിഫൈനലിലേക്ക് ഒരുപടികൂടി അടുത്തു. വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയോട് പരാജയപ്പെട്ടിട്ടില്ലെന്ന ചരിത്രം തിരുത്താൻ ഉപഭൂഖണ്ഡക്കാരെ ഇന്ത്യൻ പെൺകുട്ടികൾ അനുവദിച്ചില്ല. പത്തോവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ടു മുൻനിര വിക്കറ്റുകൾ പിഴുത പൂനം യാദവാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കി ഇന്ത്യക്ക് വിജയമൊരുക്കിയത്. ഓപ്പണർ നിപുനി ഹൻസിക (29), ലങ്കയുടെ അപകടകാരിയായ ചമാരി അട്ടപ്പട്ടു (25) എന്നിവരെയാണ് പൂനം മടക്കിയയച്ചത്. ജുലാൻ ഗോസാമിയും രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വിശ്വസ്ത ഓപ്പണർമാർ പുനം റൗത്തും (16), സ്മൃതി മന്ദാനയും (8) വേഗം മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ മിഥാലി രാജിന്റെയും (53) ദീപ്തി ശർമയുടേയും (78) അർധ സെഞ്ചുറികളാണ് മികച്ച സ്കോറിലെത്തിച്ചത്. രണ്ടിന് 38 എന്ന നിലയിൽനിന്ന് ഇന്ത്യയെ മൂന്നിന് 156 ൽ എത്തിച്ചാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാൽ ഇവർക്ക് പിന്നാലെയെത്തിയ വാലറ്റത്തിന് കാര്യമായ സ്കോറിംഗ് സാധ്യമായില്ല. ഇതോടെ ഇന്ത്യ 232 ലേക്ക് ഒതുങ്ങി.
ഇന്ത്യൻ സ്കോറിനെ പിന്തുടർന്ന ലങ്കൻ നിരയിൽ ദിലാനി മനോദാര (61) അർധ സെഞ്ചുറിയുമായി പൊരുതിയെങ്കിലും മറ്റുള്ളവർക്ക് പിന്തുണ നൽകാനായില്ല. ദിലാനിയെക്കൂടാതെ 37 റൺസെടുത്ത ശശിക ശ്രീവർധനെ മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയത്.