ന്യൂഡൽഹി: രണ്ടുലക്ഷം രൂപയിൽ കൂടുതൽ ഒരു ദിവസം ഒരു കാര്യത്തിനു പണമായി കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയിൽനിന്ന് അഞ്ചിനം ഇടപാടുകൾ ഒഴിവാക്കി.കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഏർപ്പെടുത്തിയ അവാർഡ് അല്ലെങ്കിൽ പാരിതോഷികം, ക്രെഡിറ്റ് കാർഡിന്റെയോ കാർഡുകളുടെയോ ബിൽതുക, ഏതെങ്കിലും പ്രീപെയ്ഡ് ധനകാര്യ ഉപകരണത്തിന്റെ ഏജന്റ് അടയ്ക്കുന്ന തുക, വൈറ്റ് ലേബൽ എടിഎം, ഓപ്പറേറ്റർ ബാങ്കിനോ സഹകരണ ബാങ്കിനോ വേണ്ടി റീട്ടെയിൽ ഔട്ട്ലെറ്റിൽനിന്നു വാങ്ങുന്ന തുക, ബാങ്കിന്റെയോ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയോ ബിസിനസ് കറസ്പോണ്ടന്റിനു നല്കുന്ന തുക എന്നിവയാണ് ഒഴിവാക്കിയത്. ഇവയ്ക്കു രണ്ടുലക്ഷം രൂപ പരിധി ബാധകമല്ലെന്നു പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) വിജ്ഞാപനം ചെയ്തു.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണു പണകൈമാറ്റത്തിനു പരിധി വച്ചത്. ബജറ്റിൽ മൂന്നു ലക്ഷം രൂപ പരിധി പ്രഖ്യാപിച്ചത് ധനകാര്യബിൽ വന്നപ്പോൾ രണ്ടുലക്ഷമായി കുറയ്ക്കുകയായിരുന്നു.