നാദാപുരം: കോളജ് മാനേജ്മെന്റിന്റെ പണക്കൊഴുപ്പിനുമുന്നിൽ തെളിവുകൾ ഓരോന്നായി അട്ടിമറിക്കപ്പെട്ട പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ നീതി തേടി തളര്‍ന്ന കുടുംബത്തിന് ഒടുവില്‍ ആശ്വാസം. കേസന്വേഷണം സിബിഐക്ക് വിട്ടെന്ന വിവരം മാസങ്ങളായി കണ്ണീരൊഴുക്കി കഴിയുന്ന കുടുംബത്തിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. സിബിഐ അന്വേഷണത്തിലൂടെ ഏക മകന്റെ മരണത്തിനുത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.
മകന്റെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ സംശയമുയര്‍ത്തിയ കുടുംബം നീതിതേടി മുട്ടാത്ത വാതിലുകളില്ല. ചിലര്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചപ്പോള്‍ സഹായവുമായി വിവിധ തുറകളിലുള്ള ഏറെ പ്രമുഖര്‍ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി. എല്ലാവരോടും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. മകന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തി ജയിലിലടക്കണം. മഹിജയുടെ ആവശ്യം പലപ്പോഴും അവഗണിക്കപ്പെട്ടപ്പോള്‍ സമരപാതയിലേക്ക് നീങ്ങി. ഡിജിപിയെ കാണാന്‍ വളയത്തുനിന്ന് കിലോ മീറ്ററുകള്‍ താണ്ടി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഉണ്ടായ അനുഭവം കുടുംബത്തെ തളര്‍ത്തി. മകന് നഷ്ടപ്പെട്ട അമ്മയ്ക്ക് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സമീപനം കേരളത്തില്‍ പ്രതിഷേധമുയരാന്‍ കാരണമായി. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ മാതാവ് മഹിജ നിരാഹാരം തുടങ്ങിയപ്പോള്‍ അതിന് പിന്തുണ പ്രഖ്യാപിച്ച് ജിഷ്ണുവിന്റെ കുഞ്ഞനുജത്തി വീട്ടില്‍ നിരാഹാരം തുടങ്ങിയത് ഏറെ ചര്‍ച്ചയായി.
എൻജിനിയറിംഗ് സ്വപ്നവുമായി പഠനത്തിനിറങ്ങിയ മകന് 2017 ജനുവരി ആറിന് ആത്മഹത്യ ചെയ്തെന്ന വിവരം ഹോസ്റ്റൽ വാര്‍ഡനാണ് മാതാവ് മഹിജയെ ഫോണില്‍ വിളിച്ചറിയിക്കുന്നത്.സഹപാഠികളാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ ജിഷ്ണുവിനെ തൂങ്ങിയ നിലയില്‍ കാണുന്നത്. ആശുപത്രിയിലെത്തിക്കണമെന്ന ആവശ്യം പോലും അധികൃതര്‍ നിരാകരിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽനിന്ന് മൃതദേഹം പോലീസ് സര്ജന് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോൾ പോലീസ് സര്‍ജനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പി ജി വിദ്യാര്‍ഥി പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ് മോർട്ടം വീഡിയോവിൽ പകർത്തണമെന്ന ബന്ധുക്കളുടെ ആവശ്യവും ഡോക്ടർ നിരാകരിച്ചു.
ജിഷ്ണുവിന്റെ മൃതദേഹത്തിൽ ദേഹമാസകലം നിരവധി പരുക്കുകൾ ഉണ്ടായിട്ടും അത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമര്‍ശിച്ചില്ല. ശരീരത്തിൽ മൂക്കിന് മുകളിലും ഇരു കൈകളിലും മർദനമേറ്റ് നീല നിറമായ പാടുകൾ ഉണ്ടായിരുന്നു.ഇൻക്വസ്റ്റ് സമയത്ത് എടുത്ത ഫോട്ടോകളിൽ ഇവ വ്യക്തമായി കാണുന്നുണ്ടായിരുന്നു. ജിഷ്ണുവിനെ തൂങ്ങിയ നിലയില്‍ കണ്ട മുറി പൂട്ടി സീല്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അന്വേഷണത്തിന് മുമ്പേ മുറി കഴുകി വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചു.പോസ്റ്റ്മോർട്ടം സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അന്വേഷണം പ്രഹസനമായിരുന്നു. ആരോപണ വിധേയനായ ഡോക്ടർക്കെതിരെ നടപടിയും ഉണ്ടായില്ല.കേസ് അന്വേഷണം ക്രൈബ്രാഞ്ച് എഎസ്പി കിരണ്‍ നാരായണനെ ഏല്‍പ്പിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. ജിഷ്ണുവിന്റെ പേരിൽ വ്യാജ ആത്മഹത്യാ കുറിപ്പ് പോലും മെനഞ്ഞു. കത്തിനെപ്പറ്റി പോലീസ് പറഞ്ഞപ്പോള്‍ അത് വ്യാജമാണെന്ന് കുടുംബം അന്നേ ഉറപ്പിച്ചു പറഞ്ഞു.
കേസിലെ പ്രതികളായ കൃഷ്ണദാസ്, സഞ്ജിത്ത് വിശ്വനാഥന്,ശക്തിവേല്‍,സി.പി. പ്രവീണ്‍,വിപിൻ എന്നിവര്‍ക്കെതിരെ ചെറുവിരലനക്കാനായതുമില്ല. കൃത്യമായ ഇടവേളകളിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനും ഒളിവിൽ കഴിയാനും പോലീസിലെ ഉന്നതർ സഹായം നൽകിയതായി ആരോപണമുയർന്നു.കോളജിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടു. ഇടിമുറിയിൽ നിന്ന് ചോരക്കറ കണ്ടെത്തുകയും ബ്ലഡ് ഗ്രൂപ്പുകൾ ഒന്നാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു. കേരളമൊന്നാകെ വളയം പൂവ്വം വയലിലെ വീട്ടിലെത്തി ജിഷ്ണുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എത്താതിരുന്നതും ഏറെ ചർച്ചയായി.സി ബി ഐ ഏറ്റെടുക്കുമ്പോഴും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി കുടുംബം പറയുന്നു.
ജിഷ്ണു മരിക്കാൻ ഉപയോഗിച്ച കുരുക്ക് പോലും തെളിവായി പോലീസിന് മുന്നിൽ എത്തിച്ചില്ല. നീതി ലഭിക്കാതെ ആയപ്പോൾ അച്ഛനും, അമ്മയുമടങ്ങുന്ന കുടുംബം ഡി ജി പിയെ കാണാനിറങ്ങിയത്. അതും കുടുംബത്തിന് പ്രതികൂലമായി ഭവിച്ചു. തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമീപിച്ചത്. പിന്നീട് ഡിജിപിക്കും ഇതേ ആവശ്യമുന്നയിച്ച് പരാതി നല്കി. ഒടുവില്‍ സര്‍ക്കാര്‍ സിബിഐക്ക് വിട്ടപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കുടുംബം സ്വാഗതം ചെയ്യുകയാണ് . തെളിവുകളുടെ അഭാവമുള്ള ഈ കേസിൽ അന്വേഷണത്തിനായി സിബിഐയുടെ നടപടികൾ എങ്ങനെയാവുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.