കൊച്ചി: തന്റെ മരണമൊഴി എടുക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നു നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനി വെളിപ്പെടുത്തിയെന്ന്. വൈദ്യപരിശോധനയ്ക്കായി ഇന്നുരാവിലെ തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കവേയാണു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു സുനി ഇത്തരത്തിൽ മറുപടി നൽകിയതെന്നു വിവിധ ചാനലുകൾ റിപ്പോർട്ട് ചെയ്തത്. കേസിൽ താൻ നടത്തിയ വെളിപ്പെടുത്തലുകൾ വിനയായി. താനിപ്പോൾ അനുഭവിക്കുന്നതു ക്വട്ടേഷൻ വിവരങ്ങൾ വെളിപ്പെടുത്തിയതിന്റെപേരിലാണെന്നും സുനി പറഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.
ഇപ്പോഴും പോലീസ് നടത്തുന്നതു നടിയെ ആക്രമിച്ച കേസിലെ അന്വേഷണമാണെന്നും സുനി വെളിപ്പെടുത്തിയതായാണു വിവരം. ഇന്നു രാവിലെ ഒന്‍പതരയോടെയാണു തൃക്കാക്കര പോലീസ് സുനിയെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. പരിശോധനയ്ക്കുശേഷം സുനിയെ ഇൻഫോപാർക്ക് സിഐയ്ക്കു കൈമാറി. ഇവിടെവച്ചാകും ജയിലിലെ ഫോണ്‍ വിളി സംബന്ധിച്ച കേസിൽ കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും നടക്കുക. ഇന്നലെയാണു ജയിലിലെ ഫോണ്‍ വിളി സംബന്ധിച്ച കേസിൽ പൾസൾ സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്.