ചേർത്തല: ബസിനുള്ളിൽ തടഞ്ഞ സംഭവത്തിൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച വിദ്യാർത്ഥിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബിരുദ വിദ്യാർത്ഥി കുത്തിയതോട് പഞ്ചായത്ത് ഒന്പതാം വാർഡ് തുറവുർ പാട്ടുകുളങ്ങര ഗിരിജ മീഹാറിൽ ആർ.ആനന്ദ് (20)നെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകന്നേരം ചേർത്തല കഐസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. കോളേജ് വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞു നിർത്തി മുടിക്ക് കുത്തിപ്പിടിച്ച് കരണത്ത് അടിക്കുകയും പെണ്കുട്ടി ഉച്ചത്തിൽ നിലവിളിക്കുന്നതും കണ്ടാണ് നാട്ടുകാർ ഓടികൂടിയത്.
തന്നെ മർദ്ദിച്ചവിവരം പറഞ്ഞതോടെ യുവാവിനെ നാട്ടുകാർ പിടിച്ചു വച്ചു. ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുകയും സ്റ്റേഷനിലേക്ക് വിളിച്ച് ജീപ്പ് വരുത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. മർദ്ദനമേറ്റ പെണ്കുട്ടി ആശുപത്രിയിൽ ചികിൽസ തേടി.
ഡിഗ്രി വിദ്യാർത്ഥിനിയായ പെണ്കുട്ടി പഠിക്കുന്ന കോളജിലെ വിദ്യാർത്ഥിയാണ് പ്രതി. കോളജിൽ നിന്ന് ചേർത്തലയിലേക്ക് സ്വകാര്യ ബസിൽ വരുന്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്ന് പെണ്കുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ബസിൽ മന്നോട്ടു പോകാൻ അനുവദിക്കാതെ നിന്നതിനെ പെണ്കുട്ടിയും കൂട്ടുകാരികളും ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമത്രേ. പിന്നീട് ബസിൽ നിന്നിറങ്ങി ചേർത്തല കഐസ്ആർടി സി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകന്പോൾ പ്രതി ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
സ്ത്രീത്വത്തത്തെ അപമാനിച്ചതിനും മർദിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എസ്.ഐ സി.സി പ്രതാപചന്ദ്രൻ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.