ആലക്കോട്(കണ്ണൂർ): ആലക്കോട് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ആലക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദേവസ്യാ പാലപ്പുറത്തിന്റെ വീട്ടിലാണ് ഇന്നുരാവിലെ വിജിലൻസ് റെയ്ഡ് തുടങ്ങിയത്. കോഴിക്കോട് നിന്നുള്ള വിജിലൻസ് സംഘമാണ് രാവിലെ 7.15ഓടെ ദേവസ്യായുടെ പാത്തൻപാറയിലെ വീട്ടിൽ റെയ്ഡിനെത്തിയത്.
മാങ്ങാട്ടുപറന്പ് കെഎപി ക്യാന്പിൽനിന്ന് ഒരു ബസ് പോലീസും രണ്ടു വാഹനങ്ങളിലായി വിജിലൻസ് സംഘവുമാണ് റെയ്ഡിന് എത്തിയത്.കരുവൻചാൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി സെക്രട്ടറി കൂടിയായ ദേവസ്യാ പാലപ്പുറത്തെ അതിരാവിലെ വിജിലൻസ് ഉദ്യോഗസ്ഥർ വിളിച്ച് സൊസൈറ്റിയുടെ താക്കോൽ പരിശോധനയ്ക്കായി ആവശ്യപ്പെട്ടിരുന്നു.
പിന്നീട് വീട്ടിലേക്ക് വരുന്നതായി അറിയിക്കുകയും റെയ്ഡ് നടത്തുകയുമായിരുന്നു. ദേവസ്യാ പാലപ്പുറത്തിന്റെ പേരിൽ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായാണോ പരിശോധനയെന്ന് സംശയിക്കുന്നു. എന്നാൽ ഈ കേസ് എകദേശം അന്വേഷണം പൂർത്തിയായതാണ്.