തങ്ങള്‍ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന പാര്‍ട്ടിയേയും നേതാക്കളെയും വലുതാക്കി കാണിക്കാന്‍ അണികള്‍ ശ്രമിക്കുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രധാനമന്ത്രി കൂടിയായ തങ്ങളുടെ നേതാവിനെ പുകഴ്ത്താനുള്ള സംഘികളുടെ ഈ ശ്രമം അല്പം കൂടിപ്പോയില്ലേ എന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. വ്യാജ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ബി.ജെ.പിക്കും വിലയുണ്ടാക്കാന്‍ സംഘപരിവാര്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനവേളകളില്‍. എന്നാല്‍ മിക്കപ്പോഴും ഈ ‘ഫോട്ടോഷോപ്പ് ഇമേജുണ്ടാക്കല്’ സോഷ്യല്‍ മീഡിയ കൈയ്യോടെ പിടികൂടുകയും ചെയ്യാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശന വേളയിലും മോദി അനുകൂലികള്‍ പതിവുപോലെ ‘ഫോട്ടോഷോപ്പ് തള്ളുമായി’ രംഗത്തുവന്നിരുന്നു.
ഒരു ബാലന് തെരുവില്‍ ചിത്രം വരയ്ക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു പ്രചരണം. ഇസ്രായേലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലന് എന്ന രീതിയില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മിഷന് മോദി 2019 എന്ന അക്കൗണ്ടുവഴിയാണ് പ്രധാനമായും ഈ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ തന്നെ ഈ വ്യാജ പ്രചരണത്തിനെതിരെ തെളിവുസഹിതം രംഗത്തുവരികയായിരുന്നു. മോദി അനുകൂലികള്‍ അവകാശപ്പെടുന്നതുപോലെ ഈ ചിത്രത്തിലേത് ഇസ്രായേലിലെ കലാകാരനുമല്ല, അയാള്‍ വരയ്ക്കുന്നത് മോദിയേയുമല്ല. മറിച്ച് 2005ലെ ഒരു ചിത്രം ഫോട്ടോഷോപ്പില്‍ ചില മിനുക്കുപണികള്‍ നടത്തി വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. പാരീസിലെ സെന്റര്‍ ഓഫ് പോമ്പിഡൗവില്‍ നിന്നെടുത്ത ചിത്രമാണിത്. ഈ ചിത്രത്തിലെ ബാലന് വരയ്ക്കുന്നത് ഡച്ച് പെയിന്റര്‍ ജോഹന്നാസ് വെര്‍മീറിന്റെ ഗേള്‍ വിത്ത് എ പേള്‍ ഇയറിങ് എന്ന ചിത്രമാണ്. സത്യാവസ്ഥയെക്കുറിച്ച് അറിഞ്ഞവര്‍, അറിഞ്ഞവര്‍, പ്രത്യേകിച്ച് സംഘി വിരോധികള്‍ ചിത്രത്തിന്റെ സത്യാവസ്ഥയും പ്രചരിപ്പിച്ചു.