ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസ നേരാൻ സിപിഎം എംഎൽഎ എ.എൻ.ഷംസീർ വീട്ടിലെത്തി. ഇന്ന് വൈകുന്നേരം നാലിന് ഗ്രാമതി ജുമാ മസ്ജിദിലാണ് ഷാഫിയുടെ വിവാഹം. തുടർന്ന് വൈകുന്നേരം നാല് മുതൽ എട്ട് വരെ ഷാഫിയുടെ വീട്ടിൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹ ആശംസകൾ അറിയിക്കാനായി ബുധാനാഴ്ച വൈകിട്ടാണ് ഷംസീർ വീട്ടിലെത്തിയത്.
ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ചൊക്ലി പറന്പത്ത് വീട്ടിൽ കെ.കെ.മുഹമ്മദ് ഷാഫി. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഏഴ് പ്രതികളിൽ ഒരാളുമാണ്. കേസിൽ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയുമാണ് ഷാഫി ഉൾപ്പടെ ഏഴ് പ്രതികൾക്ക് ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവ് അനുഭവിക്കേണ്ടിയും വരും. വിവാഹത്തിനായി ഷാഫിക്ക് പരോൾ ലഭിച്ചിട്ടുണ്ട്.
ടി.പി വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒരു ബന്ധമില്ലെന്ന് നേതാക്കൾ ആവർത്തിച്ച് പറയുന്പോഴാണ് പാർട്ടി എംഎൽഎ തന്നെ കേസിലെ മുഖ്യപ്രതികളിൽ ഒരാളുടെ വിവാഹത്തിന് എത്തിയത്. ടി.പിയെ വധിക്കാൻ ഗൂഢാലോചന നടത്തിയത് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വമാണെന്നാണ് ആർഎംപിയുടെ ആരോപണം. ഇതിനിടെ പാർട്ടി എംഎൽഎ തന്നെ കേസിലെ പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്തത് സിപിഎമ്മിന് തലവേദനയാകും.