ചേർത്തല: വിദ്യാർഥിനിയെ നടുറോഡിൽ ഉപദ്രവിച്ച സംഭവത്തെ തുടർന്ന് ചേർത്തലയിൽ സിപിഎം-ബിജെപി പോര് മുറുകുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിൽ കുത്തിയതോട് പഞ്ചായത്ത് ഒന്പതാംവാർഡ് തുറവുർ പാട്ടുകുളങ്ങര ഗിരിജ മീഹാറിൽ ആർ. ആനന്ദ് (20) ആണ് ചേർത്തല പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ചേർത്തല കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം.
ഇരുവരും ചേർത്തല എൻഎസ്എസ് കോളജിലെ വിദ്യാർഥികളാണ്. കോളജിൽനിന്ന് ചേർത്തലയിലേക്ക് സ്വകാര്യ ബസിൽ വരുന്പോഴാണ് തർക്കമുണ്ടായത്. ബസിനുള്ളിൽ മുന്നോട്ടു പോകാൻ അനുവദിക്കാതെ ആനന്ദ് നിന്നതിനെ പെണ്‍കുട്ടിയും കൂട്ടുകാരികളും ചോദ്യം ചെയ്തതാണ് തർക്കത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. സ്റ്റാൻഡിലെത്തി പെണ്‍കുട്ടി നടന്നുപോകുന്പോൾ യുവാവ് തടഞ്ഞുനിർത്തി മുടിക്ക് കുത്തിപ്പിടിച്ച് കരണത്ത് അടിക്കുകയായിരുന്നു.
ഇതു കണ്ട നാട്ടുകാർ ഇരുവരെയും പോലീസിൽ ഏൽപ്പിക്കുകായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദിച്ചതിനുമായി വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും കോടതി ഇയാൾക്കു ജാമ്യം നല്‍കുകയായിരുന്നു. പരീക്ഷ നടക്കുന്നതിനാൽ റിമാൻഡിൽ അയയ്ക്കരുതെന്ന അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. അതേസമയം പിടിയിലായ പ്രതി ആർഎസ്എസ് പ്രവർത്തകനാണെന്ന് അറിഞ്ഞതോടെ ഇയാൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംഘടനകൾ രംഗത്തെത്തി.
നിരവധി കേസിലെ പ്രതിയായ ഇയാളെ കോളജിൽനിന്നു പുറത്താക്കണമെന്ന് സിപിഎം ചേർത്തല ഏരിയ സെക്രട്ടറി കെ. രാജപ്പൻ നായർ ആവശ്യപ്പെട്ടു. എസ്എഫ്ഐ അരൂർ ഏരിയാ സെക്രട്ടറിയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ആർഎസ്എസ് തുടർന്നുവരുന്ന ആക്രമണ പരന്പരയുടെ ഭാഗമാണ് ഇതെന്നും പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തിൽ ജനരോഷം ഉയരണമെന്നും സിപിഎം പറഞ്ഞു.
പെണ്‍കുട്ടികളെപോലും ആക്രമിക്കുക, മർദിക്കുക, വഴി നടക്കാൻ അനുവദിക്കാതിരിക്കുക എന്ന നിലയിലേക്കാണ് ആർഎസ്എസ്-ബിജെപി നേതൃത്വം പോകുന്നതെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതികരിക്കുമെന്ന് കെ. രാജപ്പൻനായർ പറഞ്ഞു. വിദ്യാർഥിനിയെ ആക്രമിച്ച ആനന്ദിനെ കോളജിൽ നിന്നു പുറത്താക്കണമെന്ന് എസ്എഫ്ഐ ചേർത്തല ഏരിയാ കമ്മി റ്റി ആവശ്യപ്പെട്ടു. സെക്രട്ടറി അങ്കിത് ശശീന്ദ്രൻ, പ്രസിഡന്റ് എ.പി. അനന്തു എന്നിവർ പ്രസംഗിച്ചു.