കൊല്ലങ്കോട്: ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ 133 ചക്കിലിയ സമുദായ വീടുകളിൽ 43 എണ്ണം തകർച്ചയിലാണെന്നും ബദൽ നടപടികൾക്കായി ഉടൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്നലെ രാവിലെ കോളനി യിലെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളനി ദുരിതത്തെക്കുറിച്ചു മാധ്യമവാർത്തകളറിഞ്ഞ് ഇവിടെ താമസക്കാരനായ ശിവരാജനുമായി ഫോണിൽ സംസാരിച്ചശേഷമാണ് ഉമ്മൻചാണ്ടി എത്തിയത്. വീരമ്മാൾ, മഹേശ്വരി എന്നിവരുടെ വീടുകളുടെ മേൽക്കൂരകൾ ഡിസിസിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം പുനർനിർമിക്കും.
കോളനിവാസികൾക്കു പ്രത്യേക പരിഗണന ആവശ്യമായിരിക്കുകയാണ്. ഇക്കഴിഞ്ഞ മേയ് 26 മുതൽ കോളനിമക്കൾ പീഡനത്തിനിരയായതെന്നാണ് അറിയുന്നത്. പ്രയോറിറ്റി റേഷൻ കാർഡുകളില്ലെന്നതാണു കോളനിവാസികളുടെ പ്രധാന പ്രശ്നമായിരിക്കുന്നത്.
ഇവിടെ വിതരണം ചെയ്യുന്ന കുടിവെള്ളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. കേരളാ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടു ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്നതിനു ശ്രമിക്കുമെന്നും മുൻമുഖ്യമന്ത്രി വെളിപ്പെടുത്തി. എഐഎഡിഎംകെയിൽ നിന്നും രാജിവച്ച് കോണ്‍ഗ്രസിൽ അണിചേർന്നവരെ ഉമ്മൻചാണ്ടി അനുമോദിച്ചു.
ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ,മുൻ എംപി വി.എസ്. വിജയരാഘവൻ,സി.വി. രാമചന്ദ്രൻ,മുൻ എംഎൽഎ കെ.എ. ചന്ദ്രൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.