ഫോർട്ട്കൊച്ചി: കപ്പൽ ബോട്ടിലിടിച്ച് രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ നാവികരുമായി തെളിവെടുപ്പ് നടത്തി.അപകടം നടക്കുന്ന സമയം ബോട്ട് മുൻപിലായി കണ്ടെങ്കിലും അപകടംഒഴിവാക്കാനായില്ലെന്ന് കപ്പിത്താൻ ജോർജിനാക്കിസ് ലോണീസ് പറഞ്ഞതായി പോലീസ് പറഞ്ഞു. ബോട്ട് പെട്ടെന്ന് ശ്രദ്ധിച്ചെങ്കിലും കപ്പൽ ഒഴിവാക്കാൻ സാധിച്ചില്ലെന്നും കപ്പലിന്റെ മുൻ വശത്ത് നിരീക്ഷണത്തിനായി നിൽക്കുന്നവർക്ക് സംഭവിച്ച പാളിച്ച കപ്പൽ ബോട്ടിലിടിക്കുന്നതിന് കാരണമായെന്നുമാണ് ക്യാപ്റ്റന്റെ മൊഴി.
അറസ്റ്റിലായ നാവികനടക്കമുള്ള മൂന്നു പേരെ തെളിവെടുപ്പിനുശേഷം കൊച്ചി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സെക്കൻഡ് ഓഫീസർ ഗാലനോസ് അക്കോനാസിയോസ്, കപ്പലിലെ സീമെൻ മ്യാൻമാർ സ്വദേശി നീവാനാ എന്നിവരാണ് റിമാൻഡിലുള്ള മറ്റു രണ്ട് പേർ.
അതേസമയം മർക്കന്റെയിൻ മറൈൻ വിഭാഗം കപ്പലിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കോസ്റ്റൽ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൊഴിലാളികൾ കോടതിയിൽ നല്കിയ ഹർജി പരിഗണിച്ചാണ് കപ്പലിലെ രേഖകൾ പിടിച്ചെടുക്കാൻ എംഎംഡിക്ക് നിർദേശം നൽകിയത്.
കോടതി നിർദേശ പ്രകാരം പിടിച്ചെടുത്ത രേഖകൾ കോടതിയിലേ ഹാജരാക്കുകയുള്ളൂ എന്ന നിലപാടിലാണ് എംഎംഡി അധികൃതർ. ജൂൺ 11 നാണ് എംവി അംബർ എൽ എന്ന കപ്പൽ 14 നോട്ടിക്കൽ മൈൽ മത്സ്യ ബന്ധന ബോട്ടിലിടിച്ച് അപകടമുണ്ടായത്. നാവികരടക്കമുള്ള മൂന്നു പേർക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നീക്കവും കപ്പലുടമകൾ ആരംഭിച്ചിട്ടുണ്ട്.