അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സംഭവിക്കാറുള്ള അബദ്ധങ്ങള്‍ സോഷ്യല്‍മീഡിയ എന്നും ആഘോഷമാക്കാറുണ്ട്. ഇടയ്ക്കിടെ ഉണ്ടാകാറുള്ളതുപോലെ ഇത്തവണയും ഷേയ്ക്ക് ഹാന്‍ഡിന്റെ പേരിലാണ് ട്രംപിനെ സോഷ്യല്‍ മീഡിയ ട്രോളിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ഷെയ്ക്ക് ഹാന്‍ഡിന് കൈനീട്ടിയിട്ടും അത് അവഗണിച്ച് ട്രംപിന് നാണക്കേടുണ്ടാക്കിയത് പോളണ്ട് പ്രഥമവനിത അഗത കോണ്‍ഹുസര്‍ ദുദയാണ്. മനപ്പൂര്‍വമാണ് ട്രംപിന്റെ ഷെയ്ക്ക് ഹാന്‍ഡ് തന്റെ ഭാര്യ നിരസിച്ചതെന്ന രീതിയിലുള്ള വാര്‍ത്ത പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദ നിരസിക്കുകയും ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇനിയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പോളണ്ട് സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദയും ഭാര്യ അഗത കോണ്‍ഹുസറും ചേര്‍ന്ന് സ്വീകരിക്കുന്നതിനിടെയായിരുന്നു ട്രംപിന് ഈ അബദ്ധം സംഭവിച്ചത്. ആദ്യം ട്രംപ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി.
തുടര്‍ന്ന് അഗതയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനായി കൈ നീട്ടിയെങ്കിലും ഇത് അവഗണിച്ച് പോളണ്ട് പ്രഥമവനിത അമേരിക്കന്‍ പ്രഥമ വനിത മെലാനിയയുടെ അടുത്തേക്ക് നീങ്ങി മെലാനിയയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയായിരുന്നു. തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നിരസിക്കപ്പെട്ടതിന്റെ നീരസം ട്രംപിന്റെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ മെലാനിയയോട് കുശലം പറഞ്ഞശേഷം അഗത, ട്രംപിന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയെങ്കിലും ട്രംപ് അവഗണിക്കപ്പെട്ട് നാണക്കേടിലാകുന്ന ദൃശ്യം അതിവേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. പോളിഷ് പ്രഥമ വനിത മനപൂര്‍വം ട്രംപിനെ അവഗണിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദ രംഗത്തുവന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ മനപൂര്‍വം അവഹേളിക്കാനാണ് ഇത്തരമൊരു ദൃശ്യവും വാര്‍ത്തയും പ്രചരിപ്പിക്കുന്നതെന്നാണ് പോളിഷ് പ്രസിഡന്റ് വ്യക്തമാക്കിയത്. താനും ഭാര്യയും ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനെയും പ്രഥമവനിതയേയും സ്വീകരിച്ച സന്ദര്‍ഭത്തില്‍ യാതൊരു പ്രശ്നവും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.