തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന് സമീപത്തെ റെയിൽവെ ട്രാക്കിനു സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണമ്മൂല ചെന്തിലോട് സ്വദേശി ഷിബി-അന്നജോയി എന്നിവരുടെ മക്കളായ ഫെബ(9), ഫെബിൻ (6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കൈപ്പത്തിയുംസമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കുട്ടികളുടെ മൃതദേഹങ്ങൾ കാണപ്പെട്ട ട്രാക്കിന് സമീപത്ത് നിന്നും ഒരു വെട്ടുകത്തി പോലീസ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം ഷിബിയും മക്കളും വേളി കായലിന് സമീപം മീൻ പിടിയ്ക്കാൻ എത്തിയിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
ഷിബി മക്കളെയും കൂട്ടി മിക്കപ്പോഴും ഈ സ്ഥലത്ത് മീൻ പിടിയ്ക്കാൻ എത്തിയിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. റെയിൽവെ ട്രാക്കിന് സമീപത്ത് ഷിബിയുടെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഷിബിയെ പറ്റി വിവരമില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത് കാണും എന്ന സംശയവും പോലീസിനുണ്ട്. കുട്ടികളുടെ മൃതദേഹത്തിന് സമീപത്ത് നിന്നും സ്കൂൾ ബാഗുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.