കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷമാണ് മലയാള സിനിമാലോകത്തെ പല വിധത്തിലുള്ള അസമത്വങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞുകൊണ്ട് നടിമാര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ രംഗത്തുവന്നത്. നടിയും സംവിധായകന് ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമാ കല്ലിങ്കലാണ് ഇത്തരത്തില്‍ മലയാള സിനിമാ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ചില അപ്രമാദിത്യങ്ങള്ക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തിയവരില്‍ പ്രധാനി. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് മിക്ക നടിമാരും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സിനിമയില്‍ നടന്മാര്ക്ക് ലഭിക്കുന്ന വേതനത്തിലും കുറവാണ് നടിമാര്‍ക്ക് ലഭിക്കുന്നതെന്നതിനെതിരെയാണ് റിമ ഇപ്പോള്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ഈയൊരു പ്രവണതയെക്കുറിച്ച് ഇതിനുമുമ്പും റിമ ശബ്ദമുയര്‍ത്തിയിരുന്നു. ഹോളിവുഡ് നടി എമ്മ സ്റ്റോണിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ടാണ് ഇപ്പോള്‍ റിമ രംഗത്തെത്തിയിരിക്കുന്നത്.
നടിമാരുടെ വേതനം ഉയര്‍ത്താന്‍ സിനിമ ലോകം തയ്യാറായില്ലെങ്കില്‍ വേതനം കുറച്ച് നടന്മാര് മാതൃകയാവണമെന്നാണ് റിമ വാദിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ഓസ്കാര്‍ ജേതാവ് കൂടിയായ എമ്മ സ്റ്റോണ്‍. പുതിയ ചിത്രമായ ബാറ്റില്‍ ഓഫ് ദ സെക്സില്‍ തന്നേക്കാള്‍ ഉയര്‍ന്ന വേതനം വാങ്ങുന്ന താരങ്ങള്‍ വേതനം കുറച്ചു വാങ്ങിയെന്ന് ഒരു അഭിമുഖത്തിനിടെ എമ്മ പറഞ്ഞിരുന്നു. ഒപ്പം അഭിനയിച്ച ചില താരങ്ങള്‍ തുല്യത ഉറപ്പാക്കാന്‍ തനിക്കൊപ്പം ശമ്പളം കുറച്ചെന്നായിരുന്നു എമ്മയുടെ വെളിപ്പെടുത്തല്‍. ന്യായവും യുക്തവും അതാണെന്ന് അവര്‍ക്ക് തോന്നിയതുകൊണ്ടാണ് എന്റെ സഹപ്രവര്‍ത്തകര്‍ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും എമ്മ പറഞ്ഞിരുന്നു. സമൂഹത്തിലെ ഈയൊരു മാറ്റം നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാമെന്നാണ് എമ്മ പറഞ്ഞത്. ഹോളിവുഡിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രതിഫലം തമ്മിലുള്ള വ്യത്യാസത്തെ ആദ്യമായി ചോദ്യം ചെയ്ത വ്യക്തിയാണ് എമ്മ എന്ന് പറയാം. ഈ അഭിമുഖത്തെ ഉദ്ദരിച്ചായിരുന്നു റിമയുടെ പ്രതിഷേധം. സ്ത്രീയും പുരുഷനും എന്നതല്ല എല്ലാവരും തുല്യരാണ്. അവകാശവും തുല്യമാണ്. എല്ലാവരും ഒരു പോലെ ബഹുമാനം അര്‍ഹിക്കുന്നുവെന്നും റിമ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.