പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരി തൃഷയുടെ ആദ്യ മലയാള ചിത്രമായ ഹേയ് ജൂഡിന് തുടക്കമായി. വളരെ മുന്പുതന്നെ താരം മലയാളത്തിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായിരുന്നു അതെല്ലാം. നിവിൻ പോളി നായകനാകുന്ന ഹേയ് ജൂഡ് ശ്യാമപ്രസാദാണ് സംവിധാനം ചെയ്യുന്നത്. യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ നിവിനും തൃഷയും നല്ല സുഹൃത്തുക്കളാണ് . ഫിലിം ഫെയർ പുരസ്കാര ചടങ്ങിൽ നിവിന് കൂട്ടായെത്തിയതും തൃഷയായിരുന്നു.
15 ദിവസമാണ് തൃഷ തന്റെ മലയാള ചിത്രത്തിനായി മാറ്റി വച്ചിട്ടുള്ളത്. സിനിമയുടെ പൂജ വ്യാഴാഴ്ച നടന്നു. തൃഷയും നിവിൻ പോളിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംവിധായകൻ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. തെന്നിന്ത്യൻ താരറാണിക്കൊപ്പം യുവതാരം നിവിൻ പോളിയും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ഇരുവരുടേയും ആരാധകർ അവകാശപ്പെടുന്നത്.