ഹാംബർഗ്: അമേരിക്ക ഭരിക്കുന്നത് ഡോണൾഡ് ട്രംപോ? അതോ മകളോ? ഈ സംശയം ഇടയ്ക്കിടെ ലോകത്തിനുമൊത്തം ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും. ഇത്തവണ അത് ലോക നേതാക്കൾതന്നെ കണ്ടുബോധിച്ചു. ശനിയാഴ്ച ജർമനിയിലെ ഹാംബർഗിൽ ജി 20 ഉച്ചകോടിക്കിടെ ട്രംപിന് ഇട്ട കസേരയിൽ ഇരുന്നത് മകൾ ഇവാങ്ക. ചൈനയുടെ ഷി ചിൻപിംഗ്, തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ, ജർമനിയുടെ ആംഗല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവരുടെ അടുത്തായാണ് ഇവാങ്ക കസേരവലിച്ചിട്ടിരുന്നത്.
സമ്മേളന ഹാളിന്റെ പിന്നിലായുണ്ടായിരുന്ന ഇവാങ്ക, പ്രസിഡന്റ് പുറത്തേക്കു പോയപ്പോൾ ഉടൻ പ്രധാനടേബിളിലേക്ക് വന്നിരിക്കുകയായിരുന്നു. ലോക ബാങ്ക് പ്രസിഡന്റ് ആഫ്രിക്കയുടെ വികസനം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം. പുറത്തേക്കുപോകുന്ന നേതാക്കളുടെ കസേരകളിൽ മറ്റുള്ളവർ മുന്നോട്ടുകയറിവന്ന് ഇരിക്കാറുണ്ടെന്നും സംഭവം വിവാദമാക്കേണ്ടതില്ലെന്നും അമേരിക്കൻ ഒഫീഷ്യൽസ് പറയുന്നു.