തൊടുപുഴ: വാറ്റുചാരായ വിൽപന നടത്തിയിരുന്ന വീട്ടമ്മയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. കരിങ്കുന്നം വീരൻമല ഉൗന്നാരംകല്ലേൽ ആനീസ്(68) ആണ് എക്സൈസ് പിടിയിലായത്. ഇവരുടെ വീട്ടിൽനിന്നും അഞ്ചുലിറ്റർ ചാരായവും കണ്ടെടുത്തു. സ്വന്തമായി വാറ്റുനടത്തി വിൽപന നടത്തുകയായിരുന്നു ഇവർ. എക്സൈസ് സംഘത്തെകണ്ട് ഇവരുടെ മകൻ സിബി ലൂക്കോസ് ഓടിരക്ഷപെട്ടു.
വർഷങ്ങളായി ചാരായം വാറ്റി വിൽപന നടത്തിയിരുന്ന ഇവർ എക്സൈസ് ഇന്റജിലൻസ് വിഭാഗത്തിന്റെയും തൊടുപുഴ എക്സൈസ് റേഞ്ചിലെ ഷാഡോ വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. രണ്ടുമാസത്തോളമായി നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എച്ച്. യൂസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു റെയ്ഡ്.
തൊടുപുഴ റേഞ്ച് പ്രിവന്റീവ് ഓഫീസർ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ സിഇഒമാരായ എ.കെ. സിബിൻ, രാജേഷ് സുകുമാരൻ, കെ.കെ. മജീദ്, പി ദേവദാസ്, വനിതാ സിഇഒമാരായ കെ.സിന്ധു, പി.എസ്. പ്രിയ, ഡ്രൈവർ കെ.കെ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.