ഇരിങ്ങാലക്കുട: കാർഷികവിളകൾ മാത്രം മോഷ്ടിക്കുന്ന, അന്‍പതോളം മോഷണക്കേസുകളിൽ പ്രതിയായ “ഉടുന്പു സുരേഷ്’ പിടിയിൽ. കോടാലി മുരിക്കിങ്ങൽ ആളൂപറന്പിൽ സുരേഷിനെ(48) അവിട്ടത്തൂരിൽനിന്ന് കഴിഞ്ഞദിവസം രാത്രിയാണു പിടികൂടിയത്. കടുപ്പശേരി സ്വദേശിയുടെ ഫാം ഹൗസിൽനിന്ന് 50 കിലോ ജാതിക്കയും മറ്റും മോഷണം നടത്തിയ കേസിൽ ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ മോഷണമാരംഭിച്ച പ്രതി ഉയരം കൂടിയ മതിലുകളിൽ വലിഞ്ഞുകയറുന്നതിനാലാണു ഉടുന്പ് സുരേഷ് എന്നറിയപ്പെടുന്നത്. ഏതാനും ദിവസം മുന്‍പാണു മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ ജോലിക്കുപോകുന്ന വീടുകൾ കേന്ദ്രീകരിച്ചാണു കൂടുതലും മോഷണം നടത്തിയിട്ടുള്ളത്. ജാതിക്ക, റബർഷീറ്റ്, കുരുമുളക് തുടങ്ങിയ കാർഷികവിളകളാണു മോഷണം നടത്തുന്നത്.
ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, വരന്തരപ്പിള്ളി, പുതുക്കാട് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ മോഷണക്കേസുകൾ നിലവിലുണ്ട ്. 12ഓളം മോഷണ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട ്. അന്വേഷണസംഘത്തിൽ എസ്ഐമാരായ കെ.എസ്. സുശാന്ത്, പി.എ. ജോഷി, സീനിയർ സിപിഒ മുരുകേഷ് കടവത്ത്, സിപിഒമാരായ പി.കെ. മനോജ്, എ.കെ. മനോജ് എന്നിവരും ഉണ്ട ായിരുന്നു.