പൊന്നാനി: പ്രണയം. ഒളിച്ചോട്ടം. രക്ഷിതാക്കളുടെ പരാതി. പോലീസ് പിന്നാലെ. ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹ്. ചേരുവകൾ കിറുകൃത്യമായിരുന്നു. പക്ഷേ നിക്കാഹ് കഴിഞ്ഞ് പുറത്തു വന്നപ്പോഴായിരുന്നു ആന്റി ക്ലൈമാക്സ്. നവവരൻ ജയിലിലേക്കും നവവധു ബന്ധുക്കൾക്കൊപ്പവും. കഥയിങ്ങനെ: പൊന്നാനി സ്വദേശികളാണ് നായികാനായകന്മാർ.വ്യാഴാഴ്ച രാവിലെ മുങ്ങിയ രണ്ടുപേരും പൊങ്ങിയത് വയനാട്ടിൽ. ഒരു മുറിയെടുത്ത് കാമുകിയെ ഇരുത്തിയ യുവാവ് കൂട്ടുകാർക്കൊപ്പം ഒന്ന് ‘ആഘോഷിച്ചു’.
ചെറിയൊരു കശപിശയ്ക്കിടയിൽ പോലീസിന്റെ പിടിയിൽ. ലഹരിയുടെ മൂപ്പിൽ പോലീസിനെ കൈകാര്യം ചെയ്ത് സംഘം രക്ഷപ്പെട്ടു. ഒരു കൂട്ടുകാരൻ വൈത്തിരി പോലീസിന്റെ പിടിയിലാവുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ നല്കിയ പരാതിയിൽ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം മുറുകിയപ്പോൾ രണ്ടാളും വയനാട്ടിലുണ്ടെന്നറിഞ്ഞു.
പോലീസും ബന്ധുക്കളും വയനാട്ടിലെത്തി രണ്ടുപേരേയും വെള്ളിയാഴ്ച ഉച്ചയോടെ പൊന്നാനി കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പമേ പോവൂ എന്നു പെൺകുട്ടി വാശി പിടിച്ചപ്പോൾ കോടതി അനുവദിച്ചു. പക്ഷേ, പുലിവാലു വരുന്നതേ ഉണ്ടായിരുന്നുള്ളു.
കോടതിക്കു പുറത്തെത്തിയപ്പോൾ വൈത്തിരി പോലീസ് കാത്തുനില്ക്കുന്നു. പോലീസിനെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാൻ. കാമുകിയുടെ സാന്നിധ്യം അറസ്റ്റിനു തടസമായപ്പോൾ പോലീസ് ബുദ്ധി ഉണർന്നു. വൈകുന്നേരം ആറോടെ പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നിർദേശാനുസരണം പോലീസും ബന്ധുക്കളും ചേർന്ന് സിഐ ഓഫീസിൽ നിക്കാഹിനു വേദിയൊരുക്കി.
നിക്കാഹിനു ശേഷം വരനെ വൈത്തിരി പോലീസിനും വധുവിനെ ബന്ധുക്കൾക്കും കൈമാറി പൊന്നാനി പോലീസ് തടിയൂരി. യുവാവിനെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്തിടെ ഇറങ്ങിയ കിസ്മത്ത് എന്ന സിനിമയുടെ കഥയും പൊന്നാനി സ്റ്റേഷനിൽ അരങ്ങേറിയ പ്രണയകഥയുടേതാണ്.