മുൻഷി വേണു മരിച്ചത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ഡിവൈൻ ധ്യാനകേന്ദ്രത്തിനോടു ചേർന്ന് ധന്യ ആശുപത്രിയിലെ ഒറ്റമുറിയിൽ ആരോടും പരിഭവമോ പിണക്കമോ ഇല്ലാതെ മലയാള സിനിമയിൽ വേറിട്ടൊരു ചിരി പടർത്തിയ വേണു മലയാളസിനിമയ്ക്ക് വല്ലാത്ത നഷ്ടമൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം മരണമടഞ്ഞപ്പോഴും മരണാനന്തര കർമത്തിലും സിനിമക്കാർ ആരും എത്തിയിരുന്നില്ല. വേണുവിന്റെ മരണത്തിൽ അവരെ സംബന്ധിച്ചിടത്തോളം ലാഭം കിട്ടുന്ന ഒന്നുമുണ്ടായിരുന്നില്ല. ഒരു അനുശോചന കുറിപ്പെഴുതിയിട്ട് എന്തുകാര്യം എന്നവർ വിചാരിച്ചുകാണും.
മലയാളസിനിമയ്ക്ക് വേണുവിന്റെ മരണം ഒരു താക്കീതാണ്. ജീവിതം സിനിമയ്ക്കും നാടകത്തിനുമായി ഉഴിഞ്ഞുവച്ച നിരവധിപ്പേർ മലയാളസിനിമയിലുണ്ട്. വെള്ളിവെളിച്ചത്തിൽ അവരെല്ലാം ജന്മികളാണ്. എന്നാൽ വേഷം അഴിച്ചുവയ്ക്കാറാകുന്പോൾ… അഴിച്ചുവച്ചുകഴിയുന്പോൾ ജീവിതം പൂർണമായും ചിതലരിച്ച് തീർന്നിട്ടുണ്ടാകും. ഒന്നും അവശേഷിപ്പിക്കാതെ. ഒന്നും സന്പാദിക്കാതെ, ഒന്നും കാത്തുവയ്ക്കാതെ അരങ്ങൊഴിയുന്പോൾ, കൂടെ ജീവിച്ചവർ ഭിക്ഷാംദേഹികളായി അലയുന്ന കാഴ്ച നാം എത്രയോ കണ്ടു. വേണുവിന്റെ ജീവിതവും ഓർമിപ്പിക്കുന്നത് ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ്.
സംഘടനകൾ സിനിമയിൽ ഒരുപാടുണ്ട്. പക്ഷേ, സങ്കടങ്ങളിൽ പങ്കുചേരാൻ പലപ്പോഴും ആരുമില്ല. എല്ലാവരുടെയും വേണ്ട, കൂടെ പണിയെടുക്കുന്നവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ഈ സംഘടനകൾ അറിഞ്ഞില്ലെങ്കിൽ മറ്റാരറിയും, ഇത്തരം സിനിമക്കാരുടെ കുടുംബങ്ങളെ സഹായിക്കാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സംഘടനകൾ?
ഇനി വേണുവിന്റെ ജീവിതത്തിലേക്കു വരാം. ചാലക്കുടിയിൽ ഒരു ലോഡ്ജിൽ രോഗങ്ങളോടു മല്ലടിച്ച് ഒരുപാടുദിവസം കിടന്നു. ആരും തിരിഞ്ഞുനോക്കാനുണ്ടായില്ല. വഴിയിൽ കുഴഞ്ഞുവീണു. അപ്പോൾ കണ്ടവർ വഴിമാറിപ്പോയി, ഈ സാഹചര്യത്തിലാണ് ഡിവൈൻ ധ്യാനകേന്ദ്രം വേണുവിനെ ഏറ്റെടുക്കുന്നത്. വിദഗ്ധ ചികിത്സകൾ നൽകി. ദിവസവും ഡയാലിസിസ് ചെയ്തു. അപ്പോഴൊക്കെ പ്രാർഥനാനിർഭരമായിരുന്നു വേണുവിന്റെ ജീവിതം.
മെല്ലെ സിനിമയുടെ മേച്ചിൽപ്പുറങ്ങളിലേക്ക് വേണു കൈപിടിച്ചു നടന്നു. നിരവധി സിനിമകൾ അദ്ദേഹത്തിനു കിട്ടി. അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടു മാത്രം. തിരിച്ചു മുൻഷിയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ആ ആഗ്രഹം പൂർത്തീകരിക്കാൻ സാധിച്ചില്ല. വേണു അവസാനം അഭിനയിച്ചത് ഞാൻകൂടി സഹകരിച്ച ഉയിർപ്പ്’ എന്ന ടെലിഫിലിമിലായിരുന്നു. ബന്ധുക്കളൊക്കെയുണ്ടായിട്ടും അലയാൻ വിധിക്കപ്പെട്ട ഒരു കഥാപാത്രത്തെയാണ് വേണു അവതരിപ്പിച്ചത്. വേണുവിന്റെ ജീവിതംതന്നെയായിരുന്നു.
അതിൽ ആരോരുമില്ലാത്തവർക്ക് കർത്താവ് കൂട്ടിനുണ്ടാകും എന്നു വേണു പറയുന്ന ഡയലോഗ് ഇപ്പോഴും എന്റെ മനസിലുണ്ട്. സത്യം അതുതന്നെയായിരുന്നു. വേണുവിന് കൂട്ട് സർവശക്തനായ ദൈവം മാത്രമായിരുന്നു.
വേണുവിനെപ്പോലെ ഒരുപാടുപേർ ഇന്നും മലയാള സിനിമയിലുണ്ട്. ഒന്നുമില്ലാത്തവർ…അവരെ ആര് സഹായിക്കും?
ഫാ. ജോണ് പുതുവ