കൊച്ചി: മന്ത്രി ജി. സുധാകരന്റെ നാടന്‍ ‘ നീഗ്രോ’ പ്രയോഗം കേരളത്തിന് സമ്മാനിക്കുന്നത് ശതകോടികളുടെ നഷ്ടം. ലോകത്തിനു കീഴിലുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ ആളാണെന്ന സുധാകരന്റെ വിചാരത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവം. ആ ലൈസന്‍സുകൊണ്ട് ലോകത്തെ എല്ലാവരെയും അധിക്ഷേപിക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയിരിക്കും? ഇതോടെ സുധാകരന് ലോകപ്രശസ്തനായെങ്കിലും ഇദ്ദേഹത്തിന്റെ നാവു പിഴ കൊണ്ട് കേരളം മുഴുവന്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ലോകബാങ്ക് ഉന്നതനെ നീഗ്രോ എന്ന് വിധിച്ച് വംശീയ വെറി പ്രകടിപ്പിച്ച മന്ത്രിക്കെതിരെ കടുത്ത് അമര്‍ഷത്തിലാണ് ലോകബാങ്ക്. ഇതോടെ കേരളത്തിലെ ലോകബാങ്ക് പദ്ധതികളുടെ കാര്യം ഗോപിയാകുമോ എന്ന ആശങ്ക ശക്തമായിരിക്കയാണ്.
പ്രശ്നം ഒരു മാപ്പു കൊണ്ടൊന്നും ഒതുങ്ങില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിലെ ഒരു മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയതും ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്നു പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്ന് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു കത്തെഴുതി. ഇതോടെ കാര്യം ദേശീയ തലത്തിലും ചൂടുപിടിച്ചിട്ടുണ്ട്. കെഎസ്ടിപി പദ്ധതിക്കുള്ള വായ്പയ്ക്കു പുറമേ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റു പദ്ധതികള്‍ക്കു വായ്പ നല്‍കുന്നതും പുനഃപരിശോധിക്കേണ്ടി വരുമെന്നു കത്തില്‍ പറയുന്നു. ഇതോടെ സംസ്ഥാനത്തു ലോകബാങ്ക് വായ്പ വിനിയോഗിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു.
കെഎസ്ടിപി അധികൃതര്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോക ബാങ്കിന്റെ ടീം ലീഡര്‍ ബെര്‍ണാര്‍ഡ് അരിട്വയ്ക്കെതിരെ ജി. സുധാകരന് നടത്തിയ ‘നീഗ്രോ’ പ്രയോഗത്തോടൊപ്പം കെഎസ്ടിപി പദ്ധതിയില്‍ അടിമുടി അഴിമതിയാണെന്നും കേരളത്തിന് വായ്പ ആവശ്യമില്ലെന്നും പറഞ്ഞതു ലോകബാങ്ക് അധികൃതരെ ചൊടിപ്പിച്ചു. എത്തിക്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡന്റ്, മാനവവിഭവശേഷി വൈസ് പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് അരുണ്‍ ജയ്റ്റ്ലിക്ക് കത്തെഴുതിയത്.മന്ത്രിതന്നെ വായ്പയ്ക്കെതിരെ രംഗത്തുവരുന്നത് ഇടതു സര്‍ക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണെന്നാണ് ലോകബാങ്ക് വിലയിരുത്തല്‍.
സുധാകരന്റെ പരാമര്‍ശത്തില്‍ കൂട്ടായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു ജീവനക്കാര്‍ക്ക് ആഭ്യന്തര കുറിപ്പും നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വന്‍കിട പദ്ധതിയായ സര്‍വീസ് ഡെലിവറി സംവിധാനത്തിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെടെ പദ്ധതികളെ പ്രശ്നം ബാധിക്കുമെന്നാണു സൂചന.
1,500 കോടി രൂപയുടെ വായ്പ ലഭ്യമായാല്‍ രണ്ടാംഘട്ടം തുടങ്ങാന്‍ തയാറാണെന്നു കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കിനെ അറിയിച്ചിരുന്നു. ഇതിനിടെ, കെഎസ്ടിപി പദ്ധതികള്‍ക്കായി ലോകബാങ്ക് തയാറാക്കിയ നിയമാവലി പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് ഡയറക്ടറോടു മന്ത്രി നിര്‍ദേശിച്ചു. പദ്ധതി തുടങ്ങിയതു മുതലുള്ള അവലോകനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനാണു നിര്‍ദ്ദേശം.
അമേരിക്കയിലെ അടിമത്തത്തിനെതിരെ സംസാരിക്കുമ്പോഴാണ് താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് പറഞ്ഞ് തടിയൂരാനാണ് മന്ത്രി കത്തെഴുതി ശ്രമിച്ചത്. അമേരിക്കന്‍ വിപ്ളവത്തെ അനുകൂലിക്കുന്നതായും ഞാന്‍ താങ്കളെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഒബാമയ്ക്കൊപ്പമാണ് പരാമര്‍ശിച്ചതെന്നും മന്തി കത്തില്‍ പറഞ്ഞുവയ്ക്കുന്നു. മോശം വാക്ക് പറഞ്ഞുപോയത് അറിയാതെയാണെന്നും അമേരിക്കയിലെയും ഗള്‍ഫിലെയും ചില സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ഇതൊരു മോശം പരാമര്‍ശമാണെന്ന് മനസ്സിലാക്കിയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
‘ലോക ബാങ്കെന്നാല്‍ അമേരിക്കയാണെന്ന് പറഞ്ഞു തുടങ്ങിയ പ്രസംഗമാണ് മന്ത്രി സുധാകരനെ വിവാദത്തിലാക്കിയത്. അമേരിക്ക ഉണ്ടാവുന്നതിനു മുന്‍പേ കേരളം ഉണ്ട്. വായ്പ പിന്‍വലിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. കെഎസ്ടിപി പദ്ധതി ഇഴയുന്നതിനു കാരണം ലോക ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ്. ഞാന്‍ മന്ത്രിയായ ശേഷം നാലു തവണ ലോക ബാങ്കിന്റെ പ്രതിനിധികള്‍ എന്നെ കാണാന്‍ വന്നു. ഇവിടുത്തെ ടീം ലീഡര്‍ ഒരു ആഫ്രോ-അമേരിക്കനാണ്. എന്നാല്‍ ഒബാമയുടെ വംശക്കാരന്. അയാള്‍ നീഗ്രോയാണ്. നൂറ്റാണ്ടിനു മുന്‍പ് അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടു വന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്’.ഇതായിരുന്നു സുധാകരന്റെ പ്രസംഗം. മാപ്പു പറഞ്ഞ് കത്തെഴുതിയ മന്ത്രി, താങ്കളൊരു യഥാര്‍ഥ അമേരിക്കനാണെന്നും ഇനി മേലില്‍ ഇത്തരം പദപ്രയോഗം നടത്തില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ലോകബാങ്ക് കേരളത്തിന് നല്കുന്ന സഹായം നിര്‍ത്തലാക്കിയാല്‍ അത് രാഷ്ട്രീയപരമായി വലിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.