ന്യൂഡല്‍ഹി: സംഘര്‍ഷ ഭൂമിയായിരുന്ന കാഷ്മീര്‍ പതിയെ സമാധാനത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇവിടെ ഭീകരവാദം അതീവശക്തി പ്രാപിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഹിന്ദുത്വവാദിയായ ഭരണാധികാരി അധികാരത്തിലെത്തിയെന്ന പൊതു വികാരമാണ് കാഷ്മീര്‍ ജനതയെ നയിക്കുന്നത്. ഇതുമൂലം കാഷ്മീര്‍ കടുത്തര മതമൗലീകവാദ ആശയങ്ങളോട് അടുക്കുകയാണ്. സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ ഒരു സാഹചര്യത്തില്‍ സമാധാനവാദികള്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മോദി പ്രധാനമന്ത്രി ആയതിന് ശേഷം കാഷ്മീരില്‍ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റമാണ്.
കാഷ്മീരില്‍ മുമ്പെങ്ങുമില്ലാത്ത വിധം മൗലീകവാദം പടര്‍ന്നു പന്തലിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മാസം ഇവിടുത്തെ ഒരു മോസ്കിലെ മുസ്ലിം പുരോഹിതനായ മുഫ്തി സബിര്‍ അഹ്മദ് ഖാസ്മി കാശ്മീരിലെ ഏറ്റവും ക്രൂരനായ തീവ്രവാദിയും പൊലീസ് തേടിക്കൊണ്ടിരിക്കുന്നയാളുമായി ഹിസ്ബുള്‍ നേതാവ് സക്കീര്‍ മുസയെ അനുകൂലിച്ച് കൊണ്ട് സംസാരിച്ചത് പടരുന്ന മതമൗലിക വാദത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമായി എടുത്തു കൂട്ടുന്നു. ഇസ്ലാമിക് ജിഹാദിനായി ഈ പുരോഹിതന്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ഓണ്‍ലൈന്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൂടെ താഴ് വരയാകമാനം അതിവേഗം പടരുകയും ചെയ്തിരുന്നു. 1989 മുതല്‍ ഇവിടെ കലാപമുണ്ടായത് മുതല്‍ ഇവിടുത്തെ മോസ്കുകളിലൂടെ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഇടമായി മാറിയിട്ടുണ്ടെന്നം ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല പ്രദേശവാസികള്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കുന്നതും പതിവായിരിക്കുകയാണ്.
ജനതയില്‍ വിഭാഗീയത ഉണ്ടാക്കുന്നതില്‍ ചില മുസ്ലീ പള്ളികളിലെ ചില മുസ്ലിം പുരോഹിതന്മാരും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരിക്കുന്ന കാര്യമാണ്. ഇസ്ലാമിലെ മിതവാദികളായ വിഭാഗമായ ഹനാഫി/ ബാരെല്‍വി വിശ്വാസത്തിലുള്ളവരായിരുന്നു ഈ അടുത്ത കാലം വരെ കാഷ്മീരി മുസ്ലീങ്ങളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇപ്പോള്‍ മൗലികവാദി വിഭാഗമായ അഹില്‍ഇഹാദിത്തിലേക്ക് മാറുന്നവര്‍ പെരുകുകയാണ്. സൗദിയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട സലഫിസം അഥവാ വഹാബിസത്തിന്റെ പ്രാദേശിക പതിപ്പാണിത്.
ഈ പ്രത്യേക സാഹചര്യത്തില്‍ മൗലാന അബ്ദുള്‍ റഷീദ് ദാവൂദിയെ പോലുള്ള നിരവധി ഹനാഫി പുരോഹിതന്മാര്‍ തങ്ങളുടെ വഹാബി എതിരാളികളോട് മത്സരിച്ച് പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്നുമുണ്ട്. വര്‍ഷം തോറും നിരവധി സൂഫി വര്യമന്മാരുടെ കുടീരങ്ങളില്‍ നടത്തി വരാറുള്ള ഫെയറുകളുടെ എണ്ണത്തിലും കാഷ്മീരില്‍ കുറവ് വന്നിരിക്കുന്നതായും കാണാമെന്നാണ് ഒരു സൂഫി അനുയായിയായ മുസാമില്‍ പറയുന്നത്. ആറ് മില്യണ്‍ മുസ്ലീങ്ങളുള്ള കാഷ്മീര്‍ താഴ്‌വരയില്‍ നിലവില്‍ ഒരു മില്യണ്‍ പേര്‍ അഹില്‍ഇഹാദിത്തിന്റെ അനുയായികളായി മാറിയിരിക്കുന്നുവെന്ന് ഇതിന്റെ ജനറല്‍ സെക്രട്ടറിയായ ഡോ. അബ്ദുള്‍ ലത്തീഫ് അവകാശപ്പെടുന്നത്.
തീവ്ര ഇസ്ലാം സംഘടനകളായ ഡിയോബാന്‍ഡി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുമായി ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചിട്ടുണ്ട്. കാശ്മീരിലെ സുന്നി സ്കൂളുകളെ ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തിക്കൊണ്ട് ഇത്തിഹാദ് ഇ മില്ലാറ്റ് എന്ന കൂട്ടായ്മയും നിലവില്‍ വന്നിരിക്കുകയാണ്. സുന്നികളിലെ വ്യത്യാസങ്ങള്‍ ഇല്ലാതാക്കി അവരിലെ ഐക്യം വളര്‍ത്തുന്നതിന് വേണ്ടിയാണിത്.ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധ റാലികള്‍ വരെ നടത്തിയിരുന്നു. വഹാബികളുടെ ഇവിടുത്തെ നേതാവായ മൗലാന മുഷ്താഖ് അഹമ്മദ് വീരി 2015ല്‍ ഐഎസിനെയും അതിന്റെ നേതാവ് ബാഗ്ദാദിയെയും പുകഴ്ത്തി സംസാരിച്ച് തെക്കന്‍ കാശ്മീരില്‍ കുപ്രസിദ്ധനായിരുന്നു. ഇത്തരത്തില്‍ കാശ്മീര്‍ താഴ്‌വരയില്‍ നിലവില്‍ ഇസ്ലാമിക തീവ്രവാദവും ഇന്ത്യാ വിരുദ്ധ വികാരവും വളരുന്നുവെന്ന ആശങ്ക മുമ്പില്ലാത്ത വിധം ശക്തിപ്പെടുകയാണ്.
ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായത്. ബുര്‍ഹാന്‍ വാനിയെ വധിച്ചതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ഇന്നലെ. കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ക്ക് തയ്യാറാകുയാണ് വേണ്ടതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.ചര്‍ച്ചകള്‍ സാധ്യമാകാന്‍ ബുര്‍ഹാന്‍ വാനി ജീവിച്ചിരിക്കേണ്ടതായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സൈഫുദീന്‍ സോസ് പറഞ്ഞത് വിവാദമായിരുന്നു. ബുര്‍ഹാന്‍ വാനിയ്ക്ക് വീരപരിവേഷം നല്‍കി ആരാധിക്കുന്നവരുടെ എണ്ണവും കുറവല്ല. കാഷ്മീരിന്റെ കാര്യത്തില്‍ ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മറ്റൊരു സിറിയയോ ഇറാഖോ ആകുന്ന കാര്യം വിദൂരമല്ല.