ഓട്ടോസ്പോട്ട് /ഐബി
മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമാതാക്കളായ ഫോഴ്സ് ഗുർഖയെ വിപണിയിലെത്തിച്ചത് 2011ലാണ്. പിന്നീട് അടുത്തിടെ ബിഎസ് നാല് മാനദണ്ഡങ്ങൾ പാലിച്ച് പുതുക്കിയ പതിപ്പ് എത്തിച്ചു. ഈ സെഗ്മെന്റിലുള്ള മറ്റു വാഹനങ്ങളേക്കാളും വലിയ ഗുർഖ അഞ്ച് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനും നല്കുന്നുണ്ട്.
പുറംമോടി: ആരെയും ആകർഷിക്കുന്ന നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഫോഴ്സ് ഗുർഖയെ മെനഞ്ഞെടുത്തിരിക്കുന്നത്. റൗണ്ട് ഹെഡ് ലാന്പ് ക്ലസ്റ്ററിനുള്ളിൽ സമാന്തരമായ ചെറിയ പാളികൾ ഉൾക്കൊള്ളിച്ച് ഗ്രില്ല് ഉറപ്പിച്ചപ്പോൾ വൃത്തത്തിനുള്ളിൽ ഫോഴ്സിന്റെ ലോഗോയും സ്ഥാനംപിടിച്ചു. ഇതിനു താഴെ ഉള്ളിലേക്ക് വലിയ അളവിൽ വായുവിനെ കടത്തിവിടുന്ന വിധത്തിൽ വലിയ ബംപർ ഉറപ്പിച്ചിരിക്കുന്നു. ഒരു ജോഡി ഫോഗ് ലാന്പുകൾ എയർ ഡാമിന് ഇരുവശത്തുമുണ്ട്. എക്സ്പെഡിഷൻ, എക്സ്പ്ലോറർ എന്നീ രണ്ടു വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഗുർഖയുടെ എക്സ്പ്ലോറർ മോഡലിന് മുന്നിൽ രണ്ടു ഡോറുകൾ മാത്രമേയുള്ളൂ എന്നതാണു പ്രത്യേകത.
ഏതു തരത്തിലുമുള്ള റോഡിലും അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന വിധത്തിൽ ട്യൂബ്ലെസ് റേഡിയൽ ടയറും 16 ഇഞ്ച് അലോയ് വീലുമാണ് ഗുർഖയ്ക്ക്. ടയറുകൾക്കൊപ്പം കറുത്ത വീൽ ആർച്ച് നല്കിയിരിക്കുന്നത് വാഹനത്തിന് അഴക് വർധിപ്പിക്കുന്നുണ്ട്. വശങ്ങളിൽ രണ്ടാം നിര ഡോറുകൾ ഇല്ലാത്തതിനാൽ സ്ലൈഡിംഗ് ഗ്ലാസുകളാണ് ഇടംപിടിച്ചിരിക്കുന്നത്.
പിന്നിലെ വലിയ ടെയിൽ ഗേറ്റിൽ ജീപ്പുകളിലേതുപോലെ സ്റ്റെപ്പിനി സ്ഥാനംപിടിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി കറുത്ത ബംപറും സ്കിഡ് പ്ലേറ്റും.
സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് മോഡലുകളിൽ ലഭ്യമാണ്.
വലുപ്പം: 3,883 എംഎം നീളവും 1,660 എംഎം വീതിയും 2,055 എംഎം ഉയരവും ഉള്ള ഗുർഖയ്ക്ക് ഏകദേശം 1,460 കിലോഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 235എംഎം ആണ്.
ഉൾവശം: എടുത്തുപറയത്തക്ക ഫാൻസി സാധ്യതകളൊന്നുമില്ലാത്തതാണ് ഉൾവശം. എന്നാൽ, യാത്രക്കാർക്ക് വിശാലമായി ഇരിക്കാനും സഞ്ചരിക്കാനുമുള്ള സൗകര്യത്തിന് ഗുർഖ ഒട്ടും കുറവു വരുത്തിയിട്ടില്ലെന്നു പറയാം. പ്രീമിയം ക്വാളിറ്റിയിലുള്ള സീറ്റ് കവറുകൾക്കൊപ്പം ഡുവൽ ടോണ് കാബിനിൽ നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നു. ചില ഫീച്ചറുകൾ ഇരുണ്ട നിറത്തിലുള്ള ഡാഷ്ബോർഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എസി വെന്റുകൾ, നാല് സ്പോക് സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഗ്ലവ് ബോക്സ് തുടങ്ങിയവയാണ് ഡാഷ്ബോർഡിലുള്ളവ. മുൻ സീറ്റുകൾക്കിടയിൽ ആം റെസ്റ്റും സ്ഥാനംപിടിച്ചിട്ടുണ്ട്.
പിക്ക് അപ്: ഓഫ്റോഡ് യാത്രകൾക്കും അനുയോജ്യമായ വിധത്തിലാണ് ഗുർഖ തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോർക്ക് കൂടുതലാണ്. 17 സെക്കൻഡുകൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിനു കഴിയും.
എൻജിൻ: 2,596 സിസി 2.6 ലിറ്റർ നാലു സിലിണ്ടർ കോമണ് റെയിൽ ഡീസൽ എൻജിൻ 85 എച്ച്പിയിൽ 230 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.
സസ്പെൻഷൻ:മുന്നിൽ കോയിൽ സ്പ്രിംഗിനൊപ്പം ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ ഉള്ളപ്പോൾ പിന്നിൽ കോയിൽ സ്പ്രിംഗിനും ഹൈഡ്രോളിക് ഷോക്ക് അബ്സോർബറിനുമൊപ്പം ഹാർഡ് റോഡ്കൂടിയുണ്ട്.
മൈലേജ്:
ഹൈവേകളിൽ 15 കിലോമീറ്റർ
സിറ്റികളിൽ 10.5 കിലോമീറ്റർ
സുരക്ഷ: ഇടിയുടെ ആഘാതം യാത്രക്കാരിലേക്കെത്താതിരിക്കാനായി ഇംപാക്ട് ബീമുകളും ക്രന്പിൾ സോണുകളും ഗുർഖയിലുണ്ട്. അഡ്വാൻസ്ഡ് ഡിജിറ്റൽ എൻജിൻ ഇമ്മൊബിലൈസർ വാഹനമോഷണം തടയാനുതകുന്നതാണ്.
വില: എക്സ്പെഡിഷൻ, എക്സ്പ്ലോറർ എന്നീ രണ്ടു വേരിയന്റിൽ ഇറങ്ങുന്ന ഗുർഖയ്ക്ക് 8.2 ലക്ഷം മുതൽ 9.36 ലക്ഷം വരെയാണു വില.
ടെസ്റ്റ് ഡ്രൈവ്:
പൂങ്കുടി ഫോഴ്സ്
മൊബൈൽ: 9846338575