ഓഹരി അവലോകനം/ സോണിയ ഭാനു
ജിഎസ്ടിയുടെ ആവേശം ഓഹരി സൂചികയ്ക്കു തിളക്കം പകർന്നു. മുന്നാഴ്ചകളിലെ മരവിപ്പിനു ശേഷമുള്ള തിരിച്ചുവരവ് സെൻസെക്സും നിഫ്റ്റിയും ആഘോഷമാക്കി. മിഡ്ക്യാപ്, സ്മോൾ ക്യാ പ് ഇൻഡക്സുകളും തിളങ്ങി. നികുതിഘടനയിൽ രാജ്യം വരുത്തിയ മാറ്റങ്ങളും മണ്‍സൂണിന്റെ കൃത്യസമയത്തെ കടന്നുവരവും നിക്ഷേപകരെ ആവേശംകൊള്ളിച്ചു. ഈ വാരം കോർപറേറ്റ് മേഖല തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഓപ്പറേറ്റർമാർ.
ബുൾ തരംഗത്തിൽ കുതിച്ച സെൻസെക്സ് 31,017ൽനിന്ന് 31,460 വരെ കയറിയെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച പ്രതിരോധമായ 31,486 മറികടക്കാനാവാതെ വാരാന്ത്യം 31,360 പോയിന്റിലാണ്. സൂചികയ്ക്ക് 439 പോയിന്റ് പ്രതിവാരനേട്ടം. ഏഷ്യൻ വിപണികൾക്ക് മുന്നിൽ ഈ വാരം വൻ കടന്പകളുണ്ട്.
ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ അമേരിക്ക പരീക്ഷിക്കുമെന്ന വെളിപ്പെടുത്തൽ മേഖലയിൽ പിരിമുറുക്കമുളവാക്കാം.അമേരിക്കയും ജപ്പാനും ഇന്ത്യയും ഒരാഴ്ച നീളുന്ന സംയുക്ത വ്യോമാഭ്യാസങ്ങൾ ഈ വാരം നടത്തും. ചൈനീസ് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്കിടയിലെ ഈ നീക്കങ്ങൾ ഏഷ്യൻ മാർക്കറ്റുകളിൽ ആശങ്ക ഉളവാക്കാം.
നിക്ഷേപകർ സൂചികയുടെ അടുത്ത കുതിപ്പിനെ ഉറ്റുനോക്കുന്നു. വാരാന്ത്യത്തിലെ 31,360ൽനിന്ന് 31,541 റേഞ്ചിൽ എത്തുന്പോൾ തടസം നേരിടാം. ആദ്യ പ്രതിരോധം തകർക്കാനായാൽ 31,722-31,984നെ സൂചിക ലക്ഷ്യമാക്കും. സൂചികയുടെ മറ്റു സാങ്കേതിക ചലനങ്ങൾ കണക്കിലെടുത്താൽ തിരുത്തൽ പ്രതീക്ഷിക്കാം.
ഈ അവസരത്തിൽ ആദ്യ സപ്പോർട്ടായ 31,098ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സെൻസെക്സ് 30,836-30,655ലേക്ക് തളരാം. 145 പോയിന്റ് മികവിലാണ് നിഫ്റ്റി. 9543ൽനിന്നുള്ള മുന്നേറ്റത്തിൽ കഴിഞ്ഞവാരം സൂചിപ്പിച്ച 9691ലെ പ്രതിരോധം മറികടന്ന് 9700 വരെ കയറി. വാരാന്ത്യം നിഫ്റ്റി 9666ലാണ്. ഈവാരം നിഫ്റ്റിക്ക് 9729-9793ൽ തടസവും 9572-9479 താങ്ങുമുണ്ട്. കാറ്റു മാറിവീശിയാൽ സൂചിക 9415 പോയിന്റ് വരെ നീങ്ങാം.
ഐടി വിഭാഗം ഓഹരികൾക്ക് തിളങ്ങാനായില്ല. റിയാലിറ്റി, സ്റ്റീൽ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമൈാബൈൽ, ഹൈൽത്ത്കെയർ, ക്യാപ്പിറ്റൽ ഗുഡ്സ്, പവർ, കണ്‍സ്യുമർ ഗുഡ്സ്, ബാങ്കിംഗ് ഓഹരികളിൽ നിക്ഷേപതാത്പര്യം ദൃശ്യമായി. മുൻനിരയിലെ 31 ഓഹരികളിൽ 23 എണ്ണത്തിന്റെ നിരക്കുയർന്നപ്പോൾ എട്ട് ഓഹരികൾക്ക് തളർച്ച നേരിട്ടു.
ബിഎസ്ഇയിൽ 17,400 കോടി രൂപയുടെയും എൻഎസ്ഇയിൽ 1,14,537 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. മുൻനിരയിലെ പത്ത് കന്പനികളുടെ വിപണി മൂല്യത്തിൽ 72.648.98 കോടി രൂപ വർധിച്ചു.
വിദേശഫണ്ടുകൾ 1948.83 കോടി രൂപയുടെ വില്പന നടത്തിയപ്പോൾ ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ 2631.61 കോടി രൂപ നിക്ഷേപിച്ചു. ഫോറെക്സ് മാർക്കറ്റിൽ രൂപ 18 പൈസയുടെ നേട്ടവുമായി 64.60ലാണ്. ഏഷ്യൻ ഓഹരി ഇൻഡക്സുകൾ പലതും നഷ്ടത്തിലാണെങ്കിലും ചൈനയിൽ ഷാങ്ഹായ് സൂചിക നേട്ടത്തിലാണ്.
ജപ്പാൻ, ഹോങ്കോംഗ്, കൊറിയൻ മാർക്കറ്റുകൾ നഷ്ടത്തിലാണ്. യൂറോപ്യൻ മാർക്കറ്റുകൾ ചാഞ്ചാടി. ഡൗ ജോണ്‍സ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകൾ നേട്ടത്തിലാണ്.അമേരിക്കയിൽ ക്രൂഡ് ഓയിലിന്റെ പ്രതിദിന ഉത്പാദനം 93.4 ലക്ഷം ബാരലായി ഉയർന്നത് ഇതര കയറ്റുമതി രാജ്യങ്ങളിൽ ആശങ്കയുളവാക്കി. ക്രൂഡ് ഓയിൽ ബാരലിന് 43.23 ഡോളറിലാണ്. തൊഴിൽ മേഖലയിലെ ഉണർവ് നിക്ഷേപകരെ സ്വർണത്തിൽ വില്പനക്കാരാക്കി. മഞ്ഞലോഹം അഞ്ചു മാസത്തെ താഴ്ന്ന വിലയായ 1207 ഡോളറിലെത്തി.