പാലക്കാട്: ജിഎസ്ടി യെ തുടർന്ന് ഇറച്ചിക്കോഴികൾക്ക് ഇന്നു മുതൽ വിലകുറയ്ക്കണമെന്ന സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് കോഴി വ്യാപാരികൾ. കേരളത്തിലെ ഫാമുകളിൽ വളർത്തുന്ന കോഴികളെ തമിഴ്നാട്ടിലേയ്ക്ക് കടത്തി ഉയർന്ന വിലയ്ക്ക് വില്പന നടത്തുകയാണ് വ്യാപാരികൾ ചെയ്യുന്നത്. കേരള സർക്കാരിനോടും ധനമന്ത്രിയോടുമുള്ള പരസ്യവെല്ലുവിളിയായാണ് ജനങ്ങൾ സംഭവത്തെ കാണുന്നത്.
പാലക്കാട് ജില്ലയിലേയും തൃശൂർ ജില്ലയിലേയും ചില ഫാമുകളിൽ നിന്നാണ് കോഴികളെ ഇന്നലെ അർധരാത്രി മുതൽ കടത്തിത്തുടങ്ങിയത്.ഇന്നു മുതൽ ഇറച്ചിക്കോഴിയ്ക്ക് കിലോഗ്രാമിന് 87 രൂപയ്ക്ക് വില്പന നടത്തണമെന്ന് ധനമന്ത്രി വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം കർശനനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കിയിരുന്നു. ഇത് മറികടക്കാൻ പല ശ്രമങ്ങളും വ്യാപാരികൾ നടത്തിയെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. അതേതുടർന്ന് ഇന്ന് കോഴി വ്യാപാരം നിർത്തിവെച്ച് സമരം നടത്തുന്നതിനിടെയാണ് ഇവിടെയുള്ള ഫാമുകളിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കോഴികളെ കടത്തുന്നത്.
പൊള്ളാച്ചിയിലെ വിവിധ ഫാമുകളിലേയ്ക്കാണ് കോഴികളെ മാറ്റുന്നത്. കിലോഗ്രാമിന് 120 രൂപ നിരക്കിലാണ് വില്പന. കേരളത്തിൽ വളർത്തിവലുതാക്കിയ കോഴികളാണിവ. മുന്പ് തമിഴ്നാട്ടിൽ വളർത്തിവലുതാക്കിയ കോഴികളെ ഇവിടേയ്ക്ക് കൊണ്ടുവന്നിരുന്ന സ്ഥാനത്താണ് ഈ നടപടി. അതേസമയം കോഴിക്കച്ചവടക്കാരുടെ കടയടപ്പ് സമരം പൂർണമാണ്. കഴിഞ്ഞ രണ്ടുദിവസവും അവധിദിനങ്ങളായിരുന്നതിനാൽ വൻ കച്ചവടം നടന്നിരുന്നു. അതിനാൽ കച്ചവടക്കാരുടെ കയ്യിൽ അധികം കോഴി സ്റ്റോക്കുമില്ല.